കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സമ്പര്‍ക്ക രോഗികള്‍ കൂടിയ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി ജില്ലയിലെ പത്തോളം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കാലിക്കടവ്, ചെര്‍ക്കള, നീലേശ്വരം, തൃക്കരിപ്പൂര്‍, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്.
മാര്‍ക്കറ്റുകള്‍ ജൂലൈ 17 വരെ അടച്ചിടാനാണ് കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ്. വെള്ളിയാഴ്ച്ച 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പലരുടേയും രോഗ ഉറവിടവും വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തൃശ്ശൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാവക്കാട് മേഖലയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ കണ്ടെത്തിയത്. തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ചാവക്കാട്, വാടാനപ്പള്ളി മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.











