Web Desk
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വര്‍ദ്ധിച്ച് 35,680 രൂപയും ഗ്രാമിന് 20 കൂടി 4460 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ശനിയാഴ്ച രണ്ട് തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപ വര്‍ധിച്ച് 35,520 രൂപയുമായിരുന്നു. വര്‍ധിച്ച നിരക്കില്‍ പണിക്കൂലി,നികുതി,സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് ഇത്തരത്തില്‍ സ്വര്‍ണ്ണ വില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം. ലോകത്ത് സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സ്വര്‍ണ്ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍ ഉപഭോഗത്തിന്‍റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പവന് 6,560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.