കോവിഡിനെ പ്രതിരോധിക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലെ ധാരാവി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപന തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ ധാരാവിക്ക് കഴിഞ്ഞെന്നും ഇത് പ്രശംസനീയമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവാണ് മുംബൈയിലെ ധാരിവി. കോവിഡ് വ്യാപന തോത് തടയാന്‍ പരിശോധനകളിലൂടെയും സമൂഹിക അകലം പാലിക്കുന്നതിലൂടെയും ധാരാവിക്ക് കഴിഞ്ഞെന്നും ഡബ്ല്യൂ.എച്ച്.ഒ വിലയുരുത്തി.
കഴിഞ്ഞ ആറാഴ്ച്ചകളില്‍ ലോകത്തെ കോവിഡ് കണക്ക് ഇരട്ടിയിലധികമായെന്നും എന്നാല്‍ കൃത്യമായ പ്രതിരോധത്തിലൂടെ വൈറസിനെ നിയന്ത്രിക്കാം എന്ന് ചില പ്രദേശങ്ങള്‍ തെളിയിച്ചു കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
വെള്ളിയാഴ്ച്ചത്തെ കണക്കനുസരിച്ച് ധാരാവിയില്‍ 12 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 2,359 കേസുകളില്‍ 166 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1952 പേര്‍ കോവിഡ് മുക്തരായി ആശുപത്രിവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.