മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ് തീപിടിത്തമുണ്ടായതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പതിനാല് ഫയര്‍ എഞ്ചിനുകളും 13 ജംബോ ടാങ്കറുകളും തീ അണയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് സമുച്ചയത്തിലെ ഒരു കടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കെട്ടിടത്തിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന വ്യക്തി അവകാശപ്പെട്ടു. പുലര്‍ച്ചെ 2:55 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിശമന വകുപ്പിനെ വിളിച്ചു. സമുച്ചയത്തിനുള്ളില്‍ 77 കടകളുണ്ട്, അവയെല്ലാം മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകളാണെന്നും സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കഴിഞ്ഞ മാസം സൗത്ത് മുംബയിലെ നരിമാന്‍ പോയിന്‍റിന് സമീപം ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഓഫീസില്‍ സമാനമായ തീപിടിത്തമുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ ഐക്കണിക് ക്രോഫോര്‍ഡ് മാര്‍ക്കറ്റിലെ ഏതാനും കടകളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു.











