അബുദാബി : വിനോദ സഞ്ചാര മേഖലയിൽ സർവകാല നേട്ടവുമായി യുഎഇ. കഴിഞ്ഞവർഷത്തെ ടൂറിസം വരുമാനം 3 % വർധിച്ച് 1200 കോടി ഡോളറായി ഉയർന്നു (4500 കോടി ദിർഹം). ശരാശരി താമസ നിരക്ക് പ്രാദേശിക, രാജ്യാന്തര നിലകളെക്കാൾ ഉയർന്ന് 78 ശതമാനത്തിലെത്തി. ഹോട്ടൽ അതിഥികളുടെ എണ്ണം 3.08 കോടിയായി ഉയർന്നെന്ന് സാമ്പത്തിക മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
മുൻവർഷത്തെക്കാൾ 9.5 % കൂടുതൽ. കഴിഞ്ഞ വർഷം 16 പുതിയ ഹോട്ടലുകൾ തുറന്നതും വരുമാന വളർച്ചയ്ക്ക് ആക്കംകൂട്ടി. 10 വർഷത്തിനകം ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി യുഎഇയെ മാറ്റാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 6 വർഷത്തിനകം വിനോദ സഞ്ചാര വരുമാനം 45,000 കോടി ദിർഹമാക്കുകയാണ് ലക്ഷ്യം.
