ദുബായ് : സൗദി സന്ദർശക, തീർഥാടക വീസകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദുബായിലെ ട്രാവൽ ഏജൻസികൾ. വരാനിരിക്കുന്ന ഹജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു. ബിസിനസ്, കുടുംബ സന്ദർശനങ്ങൾ, മതപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി സൗദിയിലേയ്ക്ക് പോകാൻ പദ്ധതിയിട്ടിരുന്ന യുഎഇയിലുള്ളവരെ ഇത് ബാധിച്ചു.
ട്രാവൽസുകാരും ഒട്ടേറെ ആളുകളും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയും സൗദി യാത്രയെക്കുറിച്ച് വ്യക്തത തേടുകയും ചെയ്യുന്നു. പലരും നിത്യേന ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവർക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കുന്നില്ല. അതേസമയം, 13ന് ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാൻ കഴിയുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
