അബുദാബി : രാജ്യാന്തര സന്തോഷ ദിനത്തിൽ യുഎഇയ്ക്ക് ഇരട്ടിമധുരം. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ ഒന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപൂർവദേശ രാജ്യങ്ങളിൽനിന്ന് ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക രാജ്യമാണ് യുഎഇ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുകെ (23), യുഎസ് (24), ഫ്രാൻസ് (33) തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് മികവിന്റെ ഉയരങ്ങളിൽ യുഎഇ 21ാം സ്ഥാനത്തേക്കു കുതിച്ചത്. കുവൈത്ത് 30, സൗദി അറേബ്യ32, ഒമാൻ 52, ബഹ്റൈൻ 59 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനം.
രാജ്യാന്തര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് യുഎൻ സ്പോൺസർ ചെയ്ത വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് യുഎഇയുടെ മികവ് പ്രകടമായത്. തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന പദവി നിലനിർത്തി. 2012നുശേഷം ആദ്യമായി മെക്സിക്കോയും കോസ്റ്റാറിക്കയും ആദ്യ പത്തിൽ ഇടം നേടി. ഇതേസമയം റിപ്പോർട്ട് ആരംഭിച്ചതിന് ശേഷം ഏറ്റവും മോശം പ്രകടനമാണ് അമേരിക്കയുടേത്.ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഈ വിഭാഗത്തിൽ സിയറ ലിയോൺ രണ്ടാം സ്ഥാനത്തും ലബനൻ മൂന്നാം സ്ഥാനത്തുമാണ്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ 147 രാജ്യങ്ങളുടെ ജീവിതനിലവാരത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ജീവിത സംതൃപ്തി, വരുമാനം, സാമ്പത്തിക ഉൽപാദനം, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റാങ്കിങ് തയാറാക്കിയത്. സ്വന്തം ജീവിതത്തെ റേറ്റുചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ജനം നൽകിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്കിങ് നിർണയിച്ചത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പാക്കിസ്ഥാൻ 109ാം സ്ഥാനത്തും ഇന്ത്യ 118ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 147-ാം സ്ഥാനത്തുമാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബിയിങ് റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ഈ പഠനം ഗാലപ്പ്, യുഎൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ് വർക്ക് എന്നിവയുമായി സഹകരിച്ചാണ് തയാറാക്കിയത്.
