ദുബായ് : ദുബായ് നഗരത്തിൽ വീണ്ടും ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനം ‘ദുബായ് ലൂപ്’ പദ്ധതിക്ക് ഇലോൺ മസ്‌കിന്റെ ബോറിങ് കമ്പനിയുമായി കൈകോർക്കുമെന്ന് ദുബായ് പ്രഖ്യാപിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെളിപ്പെടുത്തി. ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദി ബോറിങ് കമ്പനിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
∙17 കി.മീറ്റർ, മണിക്കൂറിൽ 20,000 യാത്രക്കാർ, 11 സ്റ്റേഷനുകൾ
17 കിലോമീറ്റർ നീളമാണ് പദ്ധതിയ്ക്ക്. മണിക്കൂറിൽ 20,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന തുരങ്കത്തിനായി 11 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അത്യാധുനിക മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ദുബായ് ലൂപിന്റെ സംയുക്ത പദ്ധതി എമിറേറ്റിന്റെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ആളുകൾക്ക് ഒരു കേന്ദ്രം മുതൽ മറ്റൊരു കേന്ദ്രം വരെ തടസ്സമില്ലാതെ പോകാമെന്നും ആളുകളുടെ ജീവിതം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഭൂഗർഭ ലൂപ് ഒരു വേംഹോൾ പോലുള്ള പദ്ധതിയായിരിക്കുമെന്ന് മസ്‌ക് പറഞ്ഞു. ” മികച്ച ഗതാഗത സംവിധാനമാണിത്. നിങ്ങൾ നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് വേം ഹോൾ ചെയ്യുന്നു എന്നിരിക്കട്ടെ, ബൂം, നിങ്ങളതാ നഗരത്തിന്റെ മറ്റൊരു കേന്ദ്രത്തിലെത്തി കഴിഞ്ഞു” എന്നാണ് ബോറിങ് സിറ്റികൾ, എഐ, ആൻഡ് ഡോഗ് എന്ന പ്രമേയത്തിലുള്ള സെഷനിൽ ഡബ്ല്യുഡിഎസിനെ അഭിസംബോധന ചെയ്തുകൊണ്ട് മസ്‌ക് അഭിപ്രായപ്പെട്ടത്.
2016-ൽ ഇലോൺ മസ്‌ക് സ്ഥാപിച്ച ഇൻഫ്രാസ്ട്രക്ചർ, ടണൽ നിർമാണ സേവന കമ്പനിയാണ് ബോറിങ് കമ്പനി. ഭൂഗർഭ ഗതാഗത സംവിധാനങ്ങൾ വികസിപ്പിച്ച് നഗര ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. വാഹനങ്ങൾ, ചരക്ക് ഗതാഗതം, അതിവേഗ ഗതാഗതം എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞതും വേഗത്തിൽ കുഴിക്കാവുന്നതുമായ ടണലുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലാസ് വെഗാസ് മോഡലായിരിക്കും കമ്പനി ദുബായിൽ പിന്തുടരുക.
ലാസ് വെഗാസ് കൺവെൻഷൻ സെന്റർ ലൂപ് (എൽവിസിസി ലൂപ്പ്) ലാസ് വെഗാസ് കൺവെൻഷൻ സെന്ററിൽ സേവനം നൽകുന്ന ഭൂഗർഭ ഗതാഗത സംവിധാനമാണ്. ടെസ്‌ല മോഡൽ 3 കാറുകളിൽ ഉയർന്ന വേഗത്തിൽ യാത്രക്കാരെ എത്തിക്കുന്നതിനാണ് വെഗാസ് ലൂപ് രൂപകൽപന ചെയ്തിരിക്കുന്നത്. ദുബായിൽ നിലവിൽ ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസ് എന്നിവയാണ് പ്രധാന ഗതാഗത സംവിധാനങ്ങൾ. രണ്ടും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.
