ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ ആസാദ് മൂപ്പൻ. 2025ല്‍ ആരോഗ്യസംരക്ഷണമേഖല ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും ആഗോള ആരോഗ്യസംരക്ഷണ മേഖലയുടെ നേതൃസ്ഥാനം ജിസിസി സ്വന്തമാക്കാൻ സാധ്യതയേറെയെന്നും അദ്ദേഹം പറയുന്നു.
സാങ്കേതിക പുരോഗതിയും വര്‍ധിച്ചുവരുന്ന രോഗി-കേന്ദ്രീകൃത സമീപനങ്ങളും കണക്കിലെടുത്താല്‍ ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായെങ്കിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സുസ്ഥിരത, ആരോഗ്യ പരിചരണം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക തുടങ്ങിയ സുപ്രധാന വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആരോഗ്യസംരക്ഷണ മേഖലയിൽ ഒട്ടേറെ വെല്ലുവിളികൾ അടുത്ത വർഷത്തിന് തരണം ചെയ്യേണ്ടി വരുമെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെടുന്നു:
അടിസ്ഥാന മാറ്റങ്ങൾ; സംവിധാനങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. പരിസ്ഥിതി, സാമൂഹികം, ഭരണം (ഇഎസ്ജി) മാനദണ്ഡങ്ങള്‍ക്കും കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഉദ്യമങ്ങള്‍ക്കുമപ്പുറം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാര്യക്ഷമവും എല്ലാവര്‍ക്കും പ്രാപ്യവും ഭാവിയെ മുന്നില്‍ കാണുന്നതുമായ സംവിധാനങ്ങള്‍ വികസിപ്പിക്കാനും അത് വിപുലമായ ഉപയോഗപ്പെടുത്താനും സാധിക്കുന്ന നിലയിലേയ്ക്ക് രൂപപ്പെടുത്തുന്നതിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, രോഗ പ്രതിരോധവും ക്ഷേമവും ലക്ഷ്യമിട്ടുള്ള നയങ്ങള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്രമായ ആരോഗ്യ സംവിധാനത്തെക്കുറിച്ച് വിശാലമായി ചിന്തിക്കുന്നതിനുപകരം ഒരു ആരോഗ്യപരിചരണ സംവിധാനം നല്‍കുന്ന ചികിത്സയെയും പരിചരണത്തെയും കുറിച്ചുമാത്രം ഇടുങ്ങിയ നിലയില്‍ ചിന്തിക്കുന്നു. ഹ്രസ്വകാലത്തേക്കുള്ള വീക്ഷണം പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉടനടി ഫലങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം ഫലം നല്‍കുന്ന കൂടുതല്‍ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചുള്ള സംവിധാനങ്ങളെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, ആരോഗ്യ പരിചരണത്തിന്റെ തുല്യമായ വിതരണം സാധ്യമാക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട തടസ്സങ്ങളിലൊന്ന് പരിചരണത്തിന്റെ വര്‍ധിച്ചുവരുന്ന ചെലവാണ്. മറുവശത്ത്, ഇതേക്കുറിച്ചുളള സംവാദത്തിന്റെ അഭാവം ആരോഗ്യ സംരക്ഷണത്തോടുള്ള പരമ്പരാഗത സമീപനങ്ങള്‍ക്ക് പുറത്തുകടന്നുള്ള പരിഹാരങ്ങള്‍ തേടുന്നതിന് തടസ്സമാകുന്നു. അതിനാല്‍, വിതരണം, ആവശ്യകത, പൊതുജനാരോഗ്യം, വ്യക്തിഗത ആരോഗ്യ സംരക്ഷണം എന്നിവ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ഒപ്പം ആരോഗ്യ പരിരക്ഷാ മേഖലയും മറ്റ് അനുബന്ധ വ്യവസായ മേഖലയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങളുമുണ്ടാകണം.
∙ സ്‌പെഷ്യാലിറ്റി മരുന്നുകൾക്കും നൂതന ചികിത്സകൾക്കും ചെലവേറുന്നു
നൂതന ചികിത്സകളും കൂടുതല്‍ ചെലവേറി ആഗോളതലത്തില്‍ സ്‌പെഷാലിറ്റി മരുന്നുകൾക്കും നൂതന ചികിത്സകൾക്കും കൂടുതല്‍ ചെലവേറിയതായിത്തീരുന്നു. ഇത് പല ജനവിഭാഗങ്ങള്‍ക്കും താങ്ങാനാവാത്ത ഒരു വെല്ലുവിളിയായി മാറുന്നു. ഇത് പരിഹരിക്കാന്‍ നൂതനമായ ധനസഹായ മാതൃകകളും സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികളും അത്യാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തങ്ങളിലൂടെയുളള സഹകരണങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഇതിലൂടെ ചികിത്സാ സംവിധാനങ്ങള്‍ നിരാലംബരായ സമൂഹങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാനാകും. കൂടാതെ, ടെലിഹെല്‍ത്ത് സേവനങ്ങളുടെ സംയോജനത്തിലൂടെ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍, ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാനാകും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് ഈ ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഡിജിറ്റല്‍ സാക്ഷരതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജിതപ്പെടുത്തണം.
∙ ആരോഗ്യ സംരക്ഷണ പരിവര്‍ത്തനത്തില്‍ സുസ്ഥിരതയുടെ പങ്ക്
സുസ്ഥിരത എന്നത് ഇനി ഒരു ഉപരിപ്ലവമായ പരിഗണനയായി കാണേണ്ട കാര്യമല്ല, അത് ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെ പുനര്‍ നിര്‍വചിക്കുന്നതില്‍ അവിഭാജ്യ ഘടകമാണ്. ഊര്‍ജ കാര്യക്ഷമതയും കാലാവസ്ഥാ പ്രതിരോധവും കണക്കിലെടുത്ത് സൗകര്യങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കണം. അതേസമയം പ്രവര്‍ത്തന രീതികള്‍ മാലിന്യം കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ളതുമാകണം. ജിസിസിയുടെ സുസ്ഥിര ലക്ഷ്യങ്ങള്‍ ആഗോള ആരോഗ്യ സംരക്ഷണ മേഖലയുടെ ഹരിത സമ്പ്രദായങ്ങള്‍ക്കായുള്ള പ്രേരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലോക വേദിയില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ ഈ പ്രദേശത്തിന് ഒരു അതുല്യമായ അവസരം നല്‍കുന്നതാണ്. എന്തായാലും, സുസ്ഥിരതക്ക് പരിസ്ഥിതി സംരക്ഷണത്തേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടിയിരിക്കുന്നു. മഹാമാരി പോലുള്ള ബാഹ്യ ആഘാതങ്ങളെ പ്രതിരോധിക്കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുകയും പ്രാദേശിക ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യ സാങ്കേതിക പരിഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കോവിഡ്-19 കാലത്തെ ഞങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
∙ ഡിജിറ്റല്‍ സാങ്കേതികവിദ്യ: മികച്ച സാധ്യതകള്‍ സൃഷ്ടിക്കുന്നത് തുടരും
എഐ, മെഷീന്‍ ലേണിങ്ങ്, പ്രവചന വിശകലനം എന്നിവ രോഗനിര്‍ണയം, ചികിത്സ ആസൂത്രണം, രോഗി മാനേജ്‌മെന്റ് എന്നിവയുടെ കേന്ദ്ര ഘടകങ്ങളായി മാറുന്നതോടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സംയോജനം ഭാവിയില്‍ മികച്ച സാധ്യതകള്‍ സൃഷ്ടിക്കുന്നത് തുടരും. ഡിജിറ്റല്‍ ഫസ്റ്റ് ആരോഗ്യ പരിചരണത്തിലേക്കുള്ള നിലവിലെ മാറ്റം രോഗികളുടെ പരിചരണ പാതകളെ പുനര്‍നിര്‍മിക്കുകയും മികച്ചതും കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനങ്ങളെ സൃഷ്ടിക്കുകയും ചെയ്യും. എന്നിരുന്നാലും, രോഗികളുടെ ഡാറ്റ പരിരക്ഷിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വിശ്വാസം ഉറപ്പാക്കുന്നതിനും അത്യാവശ്യമായ സൈബര്‍ സുരക്ഷയില്‍ ഈ പരിവര്‍ത്തനഘട്ടത്തില്‍ ശക്തമായ നിക്ഷേപം നടത്തേണ്ടിവരും. അതോടൊപ്പം, മൂല്യാധിഷ്ഠിത പരിചരണ മാതൃകകള്‍ വര്‍ധിച്ചുവരുന്നത്, ആരോഗ്യ ഫലങ്ങള്‍ എങ്ങനെ അളക്കുകയും, മറ്റുള്ളവര്‍ക്ക് പ്രേരണയാകുകയും ചെയ്യുന്നു എന്നതിനെ പുനര്‍ നിര്‍വചിക്കും. ഇതിലൂടെയാണ് ജിസിസി അതിന്റെ അതി വിപുലമായ ആരോഗ്യ സംരക്ഷണ ലക്ഷ്യങ്ങളോടെ മുന്നോട്ട് നയിക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.
∙ വെല്ലുവിളികളും ഏറെ
ഈ അവസരങ്ങളെല്ലാം നമുക്ക് മുന്‍പിലുണ്ടെങ്കിലും, കാര്യമായ വെല്ലുവിളികളും ഏറെയാണ്. നൂതന സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വിനിയോഗത്തിലൂടെ രോഗികളുടെ സുരക്ഷയെ സന്തുലിതമാക്കിക്കൊണ്ട്, നവീകരണത്തിനൊപ്പം സഞ്ചരിക്കുന്ന മാര്‍ഗനിര്‍ദേശ ചട്ടക്കൂടുകളും വികസിക്കണം. മറ്റൊരു നിര്‍ണായക മേഖല രോഗിയുടെ ഡാറ്റ മാനേജ്‌മെന്റാണ്. ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അപാരമായ സാധ്യതകള്‍ ഡേറ്റയ്ക്കുണ്ടെങ്കിലും, അതിന്റെ ശേഖരണം, സംഭരണം, ഉപയോഗം എന്നിവ ധാര്‍മിക പരിഗണനകളാലും കര്‍ശനമായ സ്വകാര്യതാ സംരക്ഷണത്താലും നിയന്ത്രിക്കപ്പെടണം.
∙ ആരോഗ്യ സംരക്ഷണം; ആഗോള നേതൃമുഖമാകാൻ ജിസിസി
സുസ്ഥിരവും തുല്യത നിറഞ്ഞതുമായ ആരോഗ്യ സംരക്ഷണത്തിന്റെ ആഗോള നേതൃമുഖമായി ഉയര്‍ന്നുവരാന്‍ ജിസിസിക്ക് സാധിക്കും. എന്നിരുന്നാലും ഈ ലക്ഷ്യത്തിലേക്കെത്താന്‍ ധീരവും സഹകരണ മനോഭാവത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വിവിധ ഗവണ്‍മെന്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതു സമൂഹം തുടങ്ങി എല്ലാ പങ്കാളികളും ചേര്‍ന്നുകൊണ്ട് ഹ്രസ്വകാല നേട്ടങ്ങളേക്കാള്‍ ദീര്‍ഘകാല പ്രതിരോധശേഷിക്ക് മുന്‍ഗണന നല്‍കുന്ന ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി വിഭാവനം ചെയ്യുന്നതിന് മാത്രമല്ല, അത് സജീവമായി രൂപപ്പെടുത്തുന്നതിനും അവസരമൊരുക്കുന്ന ഒരു സവിശേഷ വര്‍ഷമായി 2025 മാറും. നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ നാളത്തെ വെല്ലുവിളികളേറ്റെടുക്കാന്‍ സജ്ജമാണെന്ന് മാത്രമല്ല, അവ സമത്വത്തിന്റെയും പുതുമയുടെയും പ്രതീക്ഷയുടെയും കേന്ദ്രങ്ങള്‍ കൂടിയാണെന്ന് നമ്മുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കാന്‍ കഴിയും.