അബൂദബി: ജോലിയില്‍ നിന്ന് വിരമിച്ച 55 വയസ്സുള്ള താമസക്കാര്‍ക്കായി അഞ്ചുവര്‍ഷം കാലാവധിയുള്ള റസിഡന്‍സി വിസ പദ്ധതി രാജ്യവ്യാപകമായി വിപുലീകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി.പി). യു.എ.ഇക്ക് പുറത്തോ അകത്തോ ആയി കുറഞ്ഞത് 15 വര്‍ഷം ജോലി ചെയ്തവരായിരിക്കണം അപേക്ഷകര്‍. അതോടൊപ്പം സ്വന്തം പേരിൽ 10 ലക്ഷം ദിർഹം വില വരുന്ന ആസ്തിയോ അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹമിന്റെ സമ്പാദ്യമോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 20,000 ദിര്‍ഹമില്‍ കുറയാത്ത പ്രതിമാസ വരുമാനമോ (ദുബൈയില്‍ ആണെങ്കില്‍ 15000 ദിര്‍ഹം) വേണം. കഴിഞ്ഞ ആറുമാസത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ലഭ്യമാക്കണം.
മേല്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തിനു ശേഷം താമസ വിസ പുതുക്കാം. ഐ.സി.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ യു.എ.ഇ ഐ.സി.പി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ ആണ് അപേക്ഷിക്കേണ്ടത്. ഇതിനായി യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് യു.എ.ഇ ഐ.ഡി ആന്‍ഡ് റസിഡന്‍സി സര്‍വിസസ് ഓപ്ഷന് തിരഞ്ഞെടുക്കണം. നല്കിയ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പിച്ച ശേഷം ആവശ്യമായ ഫീസ് അടക്കണം. അപേക്ഷ പരിശോധിച്ച് അംഗീകാരം നല്കിയാല് അംഗീകൃത ഡെലിവറി കമ്പനികള്‍ മുഖേന ഐ.ഡി കാര്‍ഡ് അയച്ചുനല്‍കും.
അര്‍ഹരായ വിദേശികള്‍ക്കും അവരുടെ ഇണകള്‍ക്കും ആശ്രിതര്‍ക്കും വിസക്ക് അപേക്ഷിക്കാം. യു.എ.ഇയില്‍ വിശ്രമജീവിതം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ദുബൈയിൽ സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി വിപുലീകരിച്ചിരിക്കുകയാണിപ്പോൾ.
