ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന് പുറമെ ഫിഫ കോണ്ടിനെന്റൽ കപ്പ് ട്രോഫി അടുത്തു കാണാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കുക കൂടിയാണ് പര്യടനത്തിന്റെ ലക്ഷ്യം. ഡിസംബർ 12ന് ആഡംബര മാളുകളിലൊന്നായ വെൻഡോം മാളിൽ വൈകിട്ട് 6 മുതൽ രാത്രി 10 മണി വരെ ട്രോഫി പ്രദർശിപ്പിക്കും. ഗ്രൗണ്ട് ഫ്ളോറിൽ ഗേറ്റ് ഒന്നിന് സമീപത്താണിത്.
ഡിസംബർ 11, 14, 18 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര ടിക്കറ്റുകൾ ഫിഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്–https://fic24.qa/en. ഒരാൾക്ക് 6 ടിക്കറ്റുകൾ വരെ വാങ്ങാം. അംഗപരിമിതിയുള്ളവർക്കായി അക്സസിബിലിറ്റി ടിക്കറ്റുകൾ ലഭിക്കും. ഔദ്യോഗിക സൈറ്റുകളിൽ നിന്നു മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
