റിയാദ്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഈയവസരത്തിൽ ഡൊണാൾഡ് ട്രംപിന് ആത്മാർഥമായ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു. അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നതിന് ആശംസിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.
എല്ലാ മേഖലകളിലും ശക്തിപ്പെടുത്താനും വികസിക്കാനും ശ്രമിക്കുന്ന ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ഉറ്റ ബന്ധത്തിെൻറ മികവിനെ സൽമാൻ രാജാവ് പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അമേരിക്കയുടെ 47-ാമത് പ്രസിഡൻറായി വൈറ്റ് ഹൗസിലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ അടയാളപ്പെടുത്തിയിരിക്കയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്.
