പ്രസിഡന്റ് ജോബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ആരൊക്കെത്തമ്മിലാവും മത്സരം എന്ന ചോദ്യത്തിന് ഉത്തരമായി. അടുത്ത ചോദ്യമിതാണ് ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ? 2016ൽ ഹിലാരി ക്ലിന്റന് സംഭവിച്ച ത് ആരും മറന്നിട്ടില്ല; രാഷ്ട്രീയ പരിചയവും, മികച്ച ബന്ധങ്ങളുമൊന്നും അവർക്ക് വൈറ്റ്ഹൗസിലെത്തുന്നതിന് തുണയായില്ല. ഇന്ന് അമേരിക്കയിൽ, ഉദ്യോഗസ്ഥ രംഗത്തുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. എല്ലായിടത്തും സർവകലാശാലാ ബിരുദധാരികളായ സ്ത്രീകൾ ഉദ്യോഗസ്ഥരായുണ്ട്. പക്ഷേ, ഇത് ലോകത്തെല്ലായിടത്തും വന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന്റെ ഭാഗം മാത്രമാണ്. ഇത് സ്ത്രീകളെ സംബന്ധിച്ച രാഷ്ട്രീയ-സാമൂഹിക വീക്ഷണത്തെ സ്വാധീനിക്കുന്നതായി തോന്നുന്നില്ല.
ഇന്ന് 140ലേറെ വനിതകൾ അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിലുണ്ട്. സെനറ്റിൽ 25ഉം പ്രതിനിധിസഭയിൽ 120ഉം അംഗങ്ങളുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ വനിതകൾ സന്താന നിയന്ത്രണം, കുടിയേറിപ്പാർപ്പ്, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ രൂപവത്കരണത്തിൽ പങ്കാളികളാകുന്നുണ്ട്. ഇതെല്ലാം കാണുന്ന യുവജനങ്ങൾ കമല ഹാരിസ് വൈറ്റ് ഹൗസിൽ ഇടംപിടിക്കുമെന്നുതന്നെ കരുതുന്നു. പക്ഷേ, നിരീക്ഷകർ അതിനും തടസ്സം കാണുന്നു: കമല ഹാരിസ് ഒരു പരമ്പരാഗത അമേരിക്കൻ വംശജയല്ല. ദക്ഷിണേഷ്യയിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ പാരമ്പര്യമാണവരുടേത്. നോക്കൂ, എടുത്തുപറയാവുന്ന ഒട്ടനവധി പ്രത്യേകതകൾ അവർക്കുണ്ട്. കഴിഞ്ഞ നാലുവർഷം വൈസ് പ്രസിഡന്റ് പദവിയിലിരുന്ന പരിചയം, ട്രംപിനേക്കാൾ കർമശേഷി, ദീർഘകാലം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു… ഇങ്ങനെയൊക്കെയാണെങ്കിലും തൊലിവെളുത്ത പ്രമാണിമാർ ചോദിക്കുന്നു: ഇന്നത്തെ വിഭ്രാന്തമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ അമേരിക്കൻ നൗകയെ മുന്നോട്ടുനയിക്കാൻ കമല ഹാരിസിനാകുമോ? കമലക്ക് സൈനിക പരിശീലനം ലഭിച്ചിട്ടില്ലെന്നതും അവർ പ്രത്യേകം എടുത്തുപറയുന്നു.
