ദുബായ്: ഈ മാസം 23 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മഴ രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കാറ്റ് തെക്കുകിഴക്കുനിന്ന് വടക്കുകിഴക്കോട്ട് വീശുന്നതിനാൽ 40 കിലോമീറ്റർ വേഗത്തിൽ പൊടിയും മണലും വീശാൻ കാരണമാകും.
ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചില സമയങ്ങളിൽ തിരമാലകൾ പ്രക്ഷുബ്ധമാകുമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നാലു ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരുന്നു. അതോടൊപ്പം ചിലയിടങ്ങളിൽ ചാറ്റൽ മഴയും ലഭിച്ചിരുന്നു.
ഇന്നലെ പർവത ഭാഗങ്ങളിൽ അന്തരീക്ഷ താപനില 26 ഡിഗ്രി സെൽഷ്യസും ഉൾഭാഗങ്ങളിൽ 27 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ചില മേഖലകളിൽ ഇത് 47 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ ഈർപ്പം 15 ശതമാനം കുറയുമെങ്കിലും തീരമേഖലകളിൽ 85 ശതമാനം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ.സി.എം വ്യക്തമാക്കി.
