താര സംഘടന എഎംഎംഎയുടെ നിർവാഹക സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. യോഗത്തിൽ താരങ്ങളുടെ പ്രതിഫല വിഷയമാണ് ചർച്ചയാകുന്നത്. മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാർ പറഞ്ഞു.കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയടക്കം പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് എഎംഎംഎ നിർവാഹക സമിതിയുടെ യോഗം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് യോഗം നടക്കുന്നത്.
ചെന്നൈയിലുള്ള പ്രസിഡന്‍റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുക്കുന്നത്. സ്ഥലത്തില്ലാത്ത താരങ്ങളും ഓൺലൈനായി യോഗത്തിൽ ചേരും. ഇന്നത്തെ യോഗത്തിൽ എല്ലാ വിഷയവും ചർച്ചയാകുമെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും നിർമാതാക്കളും ഫെഫ്കയും ഉന്നയിച്ച വിഷയങ്ങൾ ചർച്ചയാകുമെന്നും എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാറും വ്യക്തമാക്കി. പുതിയ സിനിമകളടക്കം ചിത്രീകരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേരുന്നത്. എന്നാൽ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടതില്ല എന്നതായിരുന്നു താര സംഘടനയുടെ നിലപാട്. കൂടാതെ ഷംനാ കാസിം നൽകിയ ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസ്. നീരജ് മാധവിന്‍റ് ആരോപണം തുടങ്ങിയ എല്ലാം തന്നെ ചർച്ചയ്ക്ക് വരും.
അതേസമയം അമ്മയുടെ യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. നിയന്ത്രിത മേഖലയില്‍ യോഗം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
















