കമ്പനി രൂപീകരണവും വിമാന സര്‍വ്വീസ് ആരംഭിക്കലും വീണ്ടും ചര്‍ച്ചയാകുന്നു
തിരുവനന്തപുരം : പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതിയില്‍ പുനരാലോചന വേണമെന്ന് ലോക കേരള സഭയില്‍ പങ്കെടുത്ത പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന ലോക കേരള സഭാ പ്രതിനിധികളാണ് ഇക്കാര്യം ഉന്നയിച്ചത്.
വിമാനക്കമ്പനികള്‍ സീസണ്‍ സമയത്ത് അധിക ചാര്‍ജ് ഈടാക്കുന്നുവെന്നും കോവിഡ് കാലത്തു പോലും പലരും നാട്ടില്‍ വന്ന് ഉറ്റവരെ കാണാനാകാതെ വലയുകയാണെന്നും പ്രതിനിധികള്‍ പറയുന്നു.
കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മതിയായ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍, കരിപ്പൂര്‍ എന്നിവടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക് എത്താന്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി ധാരണയാകണമെന്നും പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.
വിദേശത്ത് മൃതിയടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കണം. കേരളത്തില്‍ നിന്നും ബിടെക് ബിരുദം ലഭിക്കുന്നവര്‍ക്ക് യുഎഇയില്‍ അംഗീകാരം ലഭിക്കുന്നില്ലെന്നും അവിടെ ബി ഇയ്ക്കാണ് അംഗീകാരമെന്നും പ്രവാസികള്‍ പറഞ്ഞു.
2012 ലാണ് കേരളത്തിന്റെ സ്വന്തം എയര്‍ലൈനായി വിശേഷിപ്പിച്ച എയര്‍ കേരള വിഭാവനം ചെയ്തത്. ഒരു വര്‍ഷം കൊണ്ട് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കമ്പനി രൂപികരണവും മറ്റും സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് മുടങ്ങി.
പ്രവാസികള്‍ക്ക് താങ്ങാവുന്ന ബജറ്റ് എയര്‍ലൈനായി എയര്‍ കേരള മാറുമെന്ന സ്വപ്‌നം ഇന്നും അകലെ.