യുഎഇയുടെ സ്ഥാപക നേതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ മകനായ ഷെയ്ഖ് ഖലീഫ വികസന നായകന്‍ എന്ന നിലയിലാണ് രാജ്യത്ത് അറിയപ്പെടുന്നത്.
അബുദാബി : യുഎഇയുടെയും അബുദാബി എമിറ്റേറ്റിന്റേയും വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍. പ്രിയ നേതാവിന്റെ വിയോഗത്തില്‍ യുഎഇയും ഗള്‍ഫ് മേഖലയിലും തീവ്രദുഖത്തിലാണ്.
തന്റെ പിതാവും യുഎഇയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് സായിദിന്റെ ദീര്‍ഘ വീക്ഷണവും വികസനോന്‍മുഖമായ പദ്ധതികളും പ്രവര്‍ത്തികളും ഏറ്റെടുത്ത് നടപ്പിലാക്കിയാണ് ഷെയ്ഖ് ഖലീഫ തന്റെ ഭരണനേതൃത്വത്തില്‍ രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
2004 നവംബര്‍ രണ്ടിന് ഷെയ്ഖ് സായിദ് വിടപറയുമ്പോള്‍ രാജ്യത്തിന്റെ സാരഥ്യം ഷെയ്ഖ് ഖലീഫ ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം വടക്കന്‍ എമിറേറ്റുകളുടെ വികസനത്തില്‍ അദ്ദേഹം ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു. റാസല്‍ ഖൈമ, ഫ്യുജെയ്‌റ, അജ്മാന്‍, ഉംഅല്‍ക്വയിന്‍ എന്നീ എമിറേറ്റുകള്‍ക്ക് വികസനത്തിനായി പദ്ധതി ആവിഷ്‌കരിച്ച് രാജ്യത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നു.
എണ്ണ-പ്രകൃതി വാതക മേഖലയില്‍ അതീവ ശ്രദ്ധ പതിപ്പിച്ച് സമഗ്രവും സുസ്ഥിരവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതോടെ യുഎഇയുടെ സമ്പദ് രംഗം ശക്തി പ്രാപിച്ചു.
അബുദാബിയുടെ പതിനാറാമത് ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ എമിറേറ്റിന്റെ സമഗ്ര വികസനത്തിനും മുന്‍കൈ എടുത്തു.
വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് യുഎഇ എന്നും സ്വാഗതമോതി. പ്രവാസികളുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വളര്‍ച്ച സാക്ഷാല്‍ക്കരിച്ചു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി എന്നും സൗഹൃദം കാത്തു സൂക്ഷിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിനപ്പുറം സംസ്‌കാരിക സൗഹൃദത്തിലൂന്നിയ ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ ഷെയ്ഖ് ഖലീഫ മുന്‍കൈ എടുത്തു.
യുഎഇയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച അദ്ദേഹം അവശ്യഘട്ടത്തില്‍ ലോകമെമ്പാടും യുഎഇയുടെ സഹായം എത്തിക്കാനും ശ്രമിച്ചു.
വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഭരണമാണ് പ്രസിഡന്റ് എന്ന നിലയില്‍ ഷെയ്ഖ് ഖലീഫ കാഴ്ചവെച്ചത്. പിതാവ് ഷെയ്ഖ് സായിദിനെപ്പോലെ യുഎഇയുടെ വികസനക്കുതിപ്പിന്റെ ചരിത്രത്തില്‍ തുല്യമായ സ്ഥാനമാകും അദ്ദേഹത്തിന് ലഭിക്കുക.












