നേഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയ ദുര്‍ഗാദാസിനെതിരെ നഴ്‌സിംഗ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു
ദോഹ : പ്രവാസികളായ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ഖത്തറിലെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാ ദാസ് ശിശുപാലനെ തല്‍സ്ഥാനത്തും നിന്നും നീക്കി.
മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ കോ ഓഡിനേറ്റാണ് സംഘപരിവാര്‍ അനുയായിയായ ദുര്‍ഗാ ദാസ്. തിരുവനന്തപുരം സ്വദേശിയായ ദുര്‍ഗാദാസ് ഹിന്ദുഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറി ജെ ശിശുപാലന്റെ മകനാണ്.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ വെച്ചാണ് ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നവര്‍ ഭീകരപ്രവര്‍ത്തകരുടെ ലൈംഗിക അടിമകളാക്കുകയാണെന്നും മറ്റും പരാമര്‍ശം നടത്തിയത്. എന്നാല്‍, ഇത്തരമൊരു പരാമര്‍ശത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നഴ്‌സിംഗ് സംഘടനകള്‍ പറയുന്നു.
അടിസ്ഥാന രഹിതമായി വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരാള്‍ നടത്തുന്നത് മലയാളികള്‍ക്ക് അപമാനമാണെന്ന് വിവിധ നഴ്‌സിംഗ് സംഘടനകള്‍ പറയുന്നു.
മലയാളം മിഷന്‍ പോലുള്ള പ്രധാനപ്പെട്ട സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഇത്തരം വിലകുറഞ്ഞ അഭിപ്രായപ്രകടനം നടത്തി നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പ്രവാസി മലയാളി സ്ത്രീകളെ അപമാനിക്കരുതെന്നും മലയാളം മിഷന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇയാളെ നീക്കണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ നഴ്‌സിംഗ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
വര്‍ഗീയ പരാമര്‍ശം നടത്തി പ്രവാസി സമൂഹത്തിനിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പ്രവാസി സംഘടനകള്‍ ആരോപിച്ചു. കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്നത്.