ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പെരുകുന്ന സാഹചര്യത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ വിശദീകരണം
ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുമെന്ന് ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ കാര്‍ഫോറിന്റെ പേരിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കമ്പനി അറിയിച്ചു.
കാര്‍ഫോറോ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരം നടപടികള്‍ തങ്ങളുടെ രാജ്യാന്തര നയങ്ങളുമായി ഒത്തുപോകുന്നതല്ലെന്നും ആഗോള സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ കാര്‍ഫോര്‍ പറഞ്ഞു.
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് എല്ലാവിധ പിന്തുണയും തങ്ങള്‍ നല്‍കുമെന്ന് ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തറില്‍ പത്തോളം ഔട്ട്‌ലെറ്റുകള്‍ കാര്‍ഫോറിനുണ്ട്. ലോകകപ്പ് സ്റ്റേഡിയം നിര്‍മാണ വേളയില്‍ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളെ ലംഘിച്ചുവെന്നും ഇതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധ ക്യാംപെയിനുകള്‍ നടത്തണമെന്നും ആഹ്വാനം ചെയ്യുന്ന പ്രചാരണ ലഘുലേഖയിലാണ് കാര്‍ഫോര്‍ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുകയാണെന്ന പ്രസ്താവനയുള്ളത്.
ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ബെല്‍ജിയം ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് കാര്‍ഫോര്‍. അതേസമയം, ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള കോംപ്ലിമെന്ററി ടിക്കറ്റുകള്‍ വാങ്ങാന്‍ വിസമ്മതിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെല്‍ജിയം ടീമിന്റെ മറ്റ് സ്‌പോണ്‍സര്‍മാരായ ഐഎന്‍ജി ബെല്‍ജിയം, ജിഎല്‍എസ് ജൂപിലെര്‍, കോടെ ഡി ഒര്‍ എന്നിവരും ടിക്കറ്റുകള്‍ വാങ്ങാന്‍ വിസമ്മതിക്കുകയും അവരുടെ പരസ്യങ്ങളില്‍ ഖത്തര്‍ ലോകകപ്പിന്റെ മുദ്ര പ്രസിദ്ധപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളുടെ കമ്പനിയുടെ ലോഗോ ബെല്‍ജിയം താരങ്ങളുടെ ജെഴ്‌സിയില്‍ ഉണ്ടാകുമെന്നും ടീമിന്റെ വാര്‍ത്താ സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഐഎന്‍ജി ബെല്‍ജിയം വാര്‍്ത്താകുറിപ്പില്‍ പറഞ്ഞു.