സൈനിക ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അഴിമതി നടത്തിയതിനാണ് അറസ്റ്റിലായത്.
ജിദ്ദ : വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സൈനിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് പിടിയിലായത്.
അധികാര ദുര്‍വിനിയോഗവും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. സൗദി അഴിമതി വിരുദ്ധ അഥോറിറ്റി നസഹയാണ് കേസ് എടുത്തിട്ടുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് അഴിമതിപ്പണം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിക്ഷേപിച്ച പൗരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സൗദി സര്‍വ്വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സബ് കോണ്‍ട്രാക്റ്റ് ലഭിക്കുന്നതിന് സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണമാണ് ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റിയിലെ റസിഡന്റ് എഞ്ചിനീയറെയും വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥനേയും അഴിമതി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷം റിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടെടുത്തു.