ജിസിസി രാജ്യങ്ങളില്‍ കോവിഡ് രോഗ വ്യാപനം കുറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു.
അബുദാബി : യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് നിലവില്‍ 2883 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 18 പേരുടെ നില അതീവ ഗുരുതരമാണ്. ഖത്തറില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 670 പേരാണ്.
അതേസമയം, യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1613 പേര്‍ക്ക് രോഗം ഭേദമായി. മരണം റിപ്പോര്ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് 4,30,403 പേര്‍ക്ക് പിസിആര്‍ പരിശോധന നടത്തി. ഇവരില്‍ നിന്നാണ് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സൗദി അറേബ്യയില്‍ പുതിയതായി 476563 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9002 ആയി.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 528 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,540 ആയി.
ഒമാനില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 1145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 52 പേര്‍ ഐസിയുവികളില്‍ കഴിയുന്നുണ്ട്. ഒമാനില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4246 ആണ്.
ബഹറൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,752 പുതിയ കോവിഡ് കേസുകള്‍. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനില്‍ നിലവില്‍ 26, 849 ആക്ടീവ് കേസുകള്‍ ഉണ്ട്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ 1,455 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.












