ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാവില്ല.
ദുബായ് : ക്രിമിനല്‍ നിയമങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാല്‍പതോളം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ ജനുവരി രണ്ട് മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വരും
യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കാതലായ നിയമഭേദഗതികളാണ് നടപ്പിലാകുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നര്‍കോടിക്‌സ്, സൈബര്‍, കോപിറൈറ്റ്,വ്യാപാരം, സാമൂഹിക വിഷയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന നാല്‍പതോളം പ്രധാന നിമയങ്ങള്‍ക്കാണ് ഭേദഗതി നടപ്പിലാക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിലും സമാനമായ ഭേദഗതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ഇനിമുതല്‍ ക്രിമിനല്‍ കുറ്റമാകുന്നില്ല. ചെക്കു നല്‍കിയതിനു ശേഷം അക്കൗണ്ടുകളില്‍ നിന്ന് പണം ബോധപൂര്‍വ്വം പിന്‍വലിച്ചു എന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍കുറ്റത്തിന്റെ പരിധിയില്‍ വരും. ചെക്കിലെ തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഉള്ള തുക ചെക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് നല്‍കുന്ന വ്യവസ്ഥയും പുതിയ നിയമഭേദഗതിയിലുണ്ട്. ഇതു കഴിഞ്ഞ് അവശേഷിക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തി ബാങ്ക് തിരികെ നല്‍കും. ഈ തുക നല്‍കാന്‍ സാവകാശം നല്‍കുകയും തുടര്‍ന്നും ലഭ്യമായില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക എന്നീ നടപടികളും ഉണ്ടാകും. ഇതിനു ശേഷമാകും ജയില്‍ ശിക്ഷ പോലുള്ളവ നടപ്പിലാക്കുക.
ചെക്ക് നല്‍കി മതിയായ തുക ഇല്ലാതെ വരുമ്പോള്‍ തന്നെ കേസ് എന്ന നിലയില്‍ നിന്നും വലിയ മാറ്റാമാണ് ഇതുമൂലം ഉണ്ടാകുക, സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ചെക്ക് ബൗണ്‍സാകുന്നവര്‍ക്ക് ഈ നിയമഭേദഗതി വലിയ ആശ്വാസമേകുന്നതാണ്.
നിലവില്‍ ചെക്കു കേസുകളില്‍ ദുബായിലെ കോടതികള്‍ ഡീക്രിമിനൈലേസഷന്‍ ബാധകമാക്കി തുടങ്ങിയിട്ടുണ്ട്. ചെക്കുകേസുകള്‍ കോടതിക്കു പുറത്ത് തീര്‍പ്പുകല്‍പ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ബാങ്കിംഗ് രംഗത്ത് കൂടുതല്‍ സുതാര്യതയും സുഗമമായ പ്രവര്‍ത്തനവും കൊണ്ടുവരാന്‍ ഇതുമൂലം കഴിയും എന്നാണ് നിയമ വിദഗ്ദ്ധര്‍ കരുതുന്നത്
വിവാഹേതര ബന്ധം, ലിവിംഗ് ടുഗദര്‍ എന്നീ വിഷയങ്ങളും ക്രിമിനല്‍ കുറ്റമല്ലാതായി മാറുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇങ്ങിനെയുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ തങ്ങളുടേതെന്ന് മാതാപിതാക്കള്‍ സംയുക്തമായി സത്യവാങ് നല്‍കിയാല്‍ കുട്ടിയ്ക്ക് നിയമ സാധുത നല്‍കുകയും ചെയ്യും. വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്ക് ഈ നിയമം ആശ്വാസമേകുന്നുണ്ട്. കുട്ടികളെ ഇത്തരത്തില്‍ നിയമവിധേയമാക്കത്തവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യും.
സ്വത്ത് വില്‍പത്രം, വിവാഹം എന്നിവയുടെ സാധുത നല്‍കുന്ന മതനിരപേക്ഷമായ കുടുംബ നിയമവും അടുത്തിടെ അബുദാബിയില്‍ നടപ്പിലാക്കിയിരുന്നു.













