Web Desk
ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ദുബായില്‍ പ്രകാശനം ചെയ്തു. ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന ആല്‍ബം സംരംഭകരായ എ.കെ ഫൈസലിന്‍റെ നേത്വതത്തില്‍ നെല്ലറ ശംസുദ്ധീന്‍, എ.എ.കെ മുസ്തഫ, ഷാഫി അല്‍ മുര്‍ഷിദി, ത്വല്‍ഹത്ത്, ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് എന്നിവര്‍ ചേര്‍ന്നാണ് യൂട്യൂബില്‍ പ്രകാശനം ചെയ്തത്.
അക്ഷരാര്‍ത്ഥത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ജീവിക്കുന്ന മനുഷ്യനാണ് അഷ്റഫ് താമരശ്ശേരി. ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും സംസ്ക്കരിക്കാനും അഷ്റഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികവുറ്റത്താണ്. 22 വര്‍ഷത്തിനിടയില്‍ 40 തിലധികം വിവിധ രാജ്യക്കാരുടെ 5000ത്തോളം മൃതദേഹങ്ങളാണ് അഷ്റഫ് അവരുടെ ജന്മനാടുകളില്‍ എത്തിച്ചത്.
സന്നദ്ധ സേവനം ജീവിതത്തിന്‍റെ ഭാഗമാക്കിയ അഷ്റഫ് താമരശ്ശേരിയ്ക്ക് ആദരമര്‍പ്പിച്ചുള്ള കലാസ്യഷ്ടികൂടിയാണ് ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന സംഗീത ആല്‍ബം. പ്രവാസലോകത്ത് അഷറഫ് നടത്തുന്ന സന്നദ്ധ പ്രവൃത്തികളാണ് ആല്‍ബത്തില്‍ പറയുന്നത്. ഈ ആല്‍ബത്തിലൂടെയെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ പ്രവാസികള്‍ എക്കാലവും ഓര്‍ത്തെടുക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
മാപ്പിളപ്പാട്ട് രചയിതാവ് ഫസല്‍ കൊടുവള്ളി എഴുതിയ ഗാനം ലിപി പബ്ലിക്കേഷന്‍സ് എംഡി ലിപി അക്ബറാണ് ആലപിച്ചിരിക്കുന്നത്. അഷറഫ് മഞ്ചേരി സംഗീത സംവിധാനം ചെയ്ത ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരിക്കുന്നത് ഗായകന്‍ ലിപി അക്ബര്‍ തന്നെയാണ്.












