കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഒരുക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പ് ആലുവയില്‍. രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യപരിപാടി
പടിവാതില്‍ക്കല്‍ എത്തിയ കോവിഡ് മൂന്നാം തരംഗത്തെ തളയ്ക്കാന്‍ കാര്‍ട്ടൂണിന്റെ ‘വരപ്പൂട്ട് ‘. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ബോധവല്‍ക്കരണത്തിനായി വിവിധ ജില്ലകളില്‍ ഒരുക്കിയ കാര്‍ട്ടൂണ്‍ മതിലും തുടര്‍ന്നുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണവും വിജയം കണ്ടതിന്റെ തുടര്‍ച്ചയായിട്ടാണ് ആലുവയില്‍ ജൂലായ് 17, 18 തീയതികളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് ‘LOCKING LINES’ നടക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് കോര്‍പ്പറേഷന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റിന്റെ ബാംഗ്ലൂര്‍ റീജനും, കേരള സര്‍ക്കാരിന് കീഴിലുള്ള കേരള സാമൂഹിക സുരക്ഷാ മിഷനും, ഡി.എം.സി. ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും വൈഎംസിഎയുടെയും സഹകരണവും ക്യാമ്പിനുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ തിരഞ്ഞെടുത്ത 12 പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ് ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ ഡോക്ടര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും, മൂന്നാം തരംഗത്തിന്റെ കാലത്തെ വിവിധ വിഷയങ്ങളെ കുറിച്ച് കലാകാരന്മാരുമായി സംവദിക്കും. തുടര്‍ന്ന് കാര്‍ട്ടൂണ്‍ ബോധവത്ക്കരണ രചനകള്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കും. ക്യാമ്പിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് , ഡോ: കെ. സി. ജോര്‍ജ്, ഡോ: സഖി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ക്യാമ്പ് കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക.
കേരളത്തിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം രീതി അവലംബിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് കോര്‍പ്പറേഷന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റിന്റെ ബാംഗ്ലൂര്‍ റീജനല്‍ ഡയറക്ടര്‍ ഡോ. കെ. സി. ജോര്‍ജ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ കോഓഡിനേറ്റര്‍ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് പറഞ്ഞു.
കാര്‍ട്ടൂണ്‍ പോസ്റ്ററ്റുകളുടെ പ്രചരണം പല തലങ്ങളില്‍ നടക്കും.കേരളത്തിലും, ലക്ഷദ്വീപിലും മലയാളത്തില്‍ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുമ്പോള്‍, സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ബംഗാളിലും, തമിഴിലും, ഹിന്ദിയിലും പോസ്റ്ററുകള്‍ തയ്യാറാക്കും. സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പോസ്റ്ററുകളുടെ പ്രദര്‍ശനം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന സൂചന ഉള്ളതിനാല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും കുട്ടികളിലേക്ക് ആരോഗ്യ സന്ദേശങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ എത്തിക്കുമെന്ന് ഡി.എം.സി. ഇന്ത്യയുടെ മുഖ്യ രക്ഷാധികാരി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരക്കെ പ്രശംസ നേടിയ കേരളം ബോധവല്‍ക്കരണത്തിലും കാര്‍ട്ടൂണിലൂടെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് എന്ന സവിശേഷതയും പരിപാടിക്ക് ഉണ്ട്. രാജ്യത്ത് ഇത്തരമൊരു ക്യാമ്പ് ഇതാദ്യമായാണ് നടക്കുന്നത്.
ക്യാമ്പ് കോ ഓഡിനേറ്റര്‍: സുധീര്‍നാഥ്, ഫോണ്‍: 99993 84058, 99689 96870












