ശ്രീലത. ആർ
സാമൂഹിക വികസനസൂചികകളിലും സാക്ഷരതയിലും ലോകനിലവാരത്തിനൊപ്പമാണ് എന്ന് അഭിമാനിക്കുന്ന കേരളത്തിലെ ആളുകളുടെ യഥാർഥ സാംസ്‌കാരിക നിലവാരം ഇന്ന് എവിടെയാണ്? ഓരോ ദിവസവും കേൾക്കേണ്ടിവരുന്ന വാർത്തകൾ ഒരു സൂചനയാണെങ്കിൽ പരമദയനീയമാണ് ഇവിടത്തെ അവസ്ഥയെന്നു പറയേണ്ടിവരും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും ചെകുത്താനെ സന്തോഷിപ്പിക്കുന്നതാണ്. സ്ത്രീധന-ഗാർഹിക പീഡനങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ പെരുകുന്നു. അവിശ്വസനീയമായ പല വാർത്തകളും കേൾക്കുമ്പോൾ ഈ കേരളത്തിൽതന്നെയാണോ ഇതെല്ലാം നടക്കുന്നതെന്നു ചോദിച്ചുപോകും. അത്രയ്ക്കു ലജ്ജാകരവും അപമാനകരവും അപലപനീയവുമാണ് മാന്യതയുടെ പുറംമോടിക്കുള്ളിൽ ഇവിടെ നടക്കുന്ന പല ക്രൂരകൃത്യങ്ങളും.


സ്ത്രീധനപീഡനവും അതേ തുടർന്നുള്ള കൊലപാതകങ്ങളും ആത്മഹത്യകളും നാൾക്കുനാൾ വർദ്ധിക്കുന്ന നമ്മുടെ നാട്ടിൽ നിലവിലുള്ള എല്ലാ നിയമസംവിധാനങ്ങളും നോക്കുകുത്തികളായി മാറുകയാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തി കൊലപ്പെടുത്തിയ ഇന്ത്യയിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന കേസായിരുന്നു അഞ്ചൽ സ്വദേശിനിയായ ഉത്രയുടെ കൊലപാതകം.
കേസിൽ മുഖ്യപ്രതിയായ ഭർത്താവിനെയും സംഭവത്തിന് കൂട്ടുനിന്ന ഭർത്തൃവീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾക്ക് വിധേയരാക്കുകയും ചെയ്തെങ്കിലും വീടുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ജീവൻപൊലിഞ്ഞ പ്രിയങ്ക മുതൽ സുചിത്രവരെയുള്ളവരുടെ പട്ടിക. മകളുടെ സുരക്ഷിതമായ ഭാവിയെ ഓർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബര കാറും നൽകി കെട്ടിച്ചയച്ച എത്രയെത്ര പെൺകുട്ടികളാണ് ദുരമൂത്ത ആർത്തിപണ്ടാരങ്ങളുടെ അത്യാഗ്രഹത്തിനൊടുവിൽ തീകൊളുത്തിയും വിഷംകുടിച്ചും ഒരുമുഴം കയറിലും ജീവനൊടുക്കിയത്. നിയമ നടപടികൾക്കൊപ്പം മലയാളികളുടെ
മനോഭാവത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റമുണ്ടായാൽ മാത്രമേ സ്ത്രീധനത്തെചൊല്ലിയുള്ള തർക്കങ്ങളും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസവും സൗന്ദര്യവും ജോലിയുമുള്ള പെൺകുട്ടികൾപോലും വിവാഹക്കമ്പോളത്തിൽ വിലപേശലിന് വിധേയമാകുന്ന നാട്ടിൽ നിയമ നടപടികൾകൊണ്ടുമാത്രം സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മേനി നടിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ സംബന്ധിച്ച് 1256 കേസുകൾ മാത്രമാണ്2018ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2019ൽ കേസുകളുടെ എണ്ണം 2076 ആയി. 820 കേസുകളുടെ വർദ്ധനയാണ് ഉണ്ടായത്. സ്ത്രീകൾക്ക് നേരെ നടന്ന വിവിധ അതിക്രമങ്ങളിലായി 4579 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഭർതൃ വീടുകളിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയ നിയമം വന്നിട്ട് 60വർഷമായി 1961ലെ നിയമം ഒന്നിലേറെ തവണ ബേദഗതി ചെയ്തു കർശനമാക്കി. കേരളത്തിലാകട്ടെ ഇതനുസരിച്ചുള്ള ചട്ടങ്ങളും പുതുക്കി. പക്ഷെ, സ്ത്രീധനം തുടരുന്നു. അത് നിയമം ലംഘിച്ചും നിയമ പ്പഴുതുകൾ ഉപയോഗിച്ചും നിലനിൽക്കുന്നു. പലപ്പോഴും ഈ നിയമ വിരുദ്ധത തക്കു കോടതി കൾക്ക് പോലും നിശബ്ദ മായി അംഗീകാരം നൽകേണ്ടി വരുന്നു.
സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും അഞ്ചു വർഷത്തിൽ കുറയാത്ത ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനാൽ തന്നെ കൊടുത്തവരാരും സ്ത്രീധന നിയമ പ്രകാരമുള്ള അന്വേഷണവുമായി സഹകരിക്കില്ല. മറിച്ചു കൊടുത്തതെങ്ങനെയെങ്കിലും തിരികെ വാങ്ങുകയെന്ന മിനിമം ആവശ്യമേ ഉന്നയിക്കാറുള്ളൂ.

സ്ത്രീധനത്തിനെതിരെ കർശനമായ ബോധവൽക്കരണവും കർശന നിയമനടപടികളും തുടരണം. എന്നാൽ അത് മാത്രം പോരാ. വിവാഹമെന്നത് പെൺ കുട്ടികൾ സ്വന്തമായ തൊഴിലോ വരുമാന മാർഗ്ഗമോ ഉണ്ടായ ശേഷം അവർ എടുക്കുന്ന തീരുമാനമാകണം. സ്ത്രീയുടെ സാമ്പത്തിക സാശ്രയത്വം ഉറപ്പാക്കുന്ന നടപടികൾ ശക്തമായാൽ മാത്രമേ ഇത് പ്രായോഗികമാവൂ.വിവാഹം വേണോ വേണ്ടയോ എന്നത് അടിച്ചേൽപ്പിക്കേണ്ട തീരുമാനമല്ല.
നിയമനടപടികൾ ക്കൊപ്പം ഈ സാമൂഹ്യ ജാഗ്രത കൂടി ശക്തമായാൽ മാത്രമേ സ്ത്രീധനം അടക്കമുള്ള വിപത്തുക്കളെ മറികടന്ന് ഒരു പരിഷ് കൃത സമൂഹമായി നമുക്ക് മാറാനാവൂ.











