വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുറത്തു വന്ന മൊഴി.
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുറത്തു വന്ന മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടി ക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. കേരള ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
2017 ഏപ്രിലില്‍ സ്വപ്ന ഒമാനില്‍ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാന്‍സില്‍ നിന്ന് ഒമാനിലേക്ക് വന്നിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഇതിന് വേണ്ടിയാണോ ഡോളര്‍ കടത്തിയതെന്ന അന്വേഷണവും പുരോഗമിക്കുകയാണ്.
എന്നാല്‍ ശ്രീരാമകൃഷ്ണനെ എപ്പോള്‍ ചോദ്യം ചെയ്യാനാകുമെന്ന സംശയമുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി അദ്ദേഹത്തിന് സംരക്ഷണ മായിരുന്നു. ഇപ്പോള്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ ഇഡിക്ക് വെല്ലുവിളിയാകില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലുണ്ടായേക്കും.












