എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കളും ഇക്കാര്യം സുധാകരനുമായി സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
കോഴിക്കോട് : ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ സുധാകരന്‍ എംപിയെ രംഗത്തിറക്കിയേക്കുമെന്ന് സൂചന. നേമത്തെപ്പോലെ ശക്തനായ സ്ഥാനാര്‍ഥി ധര്‍മ്മടത്തും വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കെ സുധാകരന്‍ മല്‍സരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന, പ്രാദേശിക നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കി. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ധര്‍മടത്തു താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഒരു മണിക്കൂറിനകം തീരുമാനം പറയാമെന്നു കെ.സുധാകരന്‍ എംപി. നിര്‍ണായകമായ ആലോചനകള്‍ എംപി ഓഫിസില്‍ നടക്കുന്നു. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കളും ഇക്കാര്യം സുധാകരനുമായി സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. ഹൈക്കമാന്‍ഡിന്റെ മറ്റു ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ രഘുനാഥ് തന്നെയാകും ധര്‍മ്മടത്തെ സ്ഥാനാര്‍ഥി. മമ്പറം ദിവാകരനാണ് കഴിഞ്ഞതവണ പിണറായിക്കെതിരെ മത്സരിച്ചത്. ഇത്തവണ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ദിവാകരന്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. പിന്നാലെ, ഷുഹൈബിന്റെ പിതാവിന്റെ പേരും എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഫോര്‍വേഡ് ബ്ലോക്കിനാണ് ധര്‍മ്മടം സീറ്റ് നല്‍കിയത്. ജി. ദേവരാജനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് അറിയിച്ച് അദ്ദേഹവും പിന്മാറി. ഇതോടെയാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.
അതേസമയം, ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് എംപിയും നേമം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായ കെ.മുരളീധരന്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കണം. തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തില്‍ ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.