തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട അവസരമാണ് ഇത്. എന്നാല്‍ കേരളത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കാണുന്നത് ഇതൊന്നുമല്ല. തിരഞ്ഞെടുപ്പ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ അതിന്റെ സംഘടനാ ചട്ടക്കൂട് ദുര്‍ബലമായി പോയിരിക്കുന്നു.
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തല മുണ്ഡനം ചെയ്യുക, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്കുള്ള പ്രതിഷേധം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് തുറന്നു പറയുക, മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുന്നതില്‍ പോലും തികഞ്ഞ ആശയകുഴപ്പം നേരിടുക.മുഖ്യപ്രതിപക്ഷ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് വേളയില്‍ നേരിടുന്ന ആന്തരിക ശൈഥില്യം എന്ന രോഗത്തിന് ഇതില്‍പ്പരം എന്തു ലക്ഷണമാണ് കാട്ടാനുള്ളത്?
കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സോണിയാഗാന്ധിയോ രാഹുല്‍ഗാന്ധിയോ അല്ല കെ.സി.വേണുഗോപാലാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ തുറന്നടിക്കുമ്പോള്‍ ആ പാര്‍ട്ടിയിലെ നേതൃനിരയിലെ അഭിപ്രായ വ്യത്യാസം എത്രത്തോളം ശക്തമാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും കെ.സി.വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണെന്ന് സുധാകരന്‍ പറയുന്നു. താന്‍ അറിയാതെയാണ് തന്റെ ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നതെന്നാണ് കണ്ണൂരിലെ പ്രമുഖ നേതാവായ സുധാകരന്‍ പറയുന്നത്.
കണ്ണൂരിലെ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും ഇതുവരെ കോണ്‍ഗ്ര സിന് സാധിച്ചിട്ടില്ല. യുഡിഎഫിന് വിജയിക്കാന്‍ സാധ്യത തീരെ കുറഞ്ഞ മണ്ഡലം ആദ്യം ഫോര്‍വേഡ് ബ്ലോക്കിനാണ് നല്‍കിയതെങ്കിലും അവര്‍ മത്സരിക്കാന്‍ താല്‍പ്പര്യം കാട്ടിയില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് പിന്തുണ നല്‍കി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുകയാണോ വേണ്ടതെന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നി ല്‍ വെച്ച് തലമുണ്ഡനം ചെയ്യുകയും അത് നിറകണ്ണീരോടെ അനുയായികള്‍ നോക്കിനില്‍ക്കുകയും ചെയ്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അങ്ങനെ പെട്ടെന്ന് മറക്കാന്‍ കഴിയുന്ന ഒരു ദൃശ്യമല്ല. ഒരു പാര്‍ട്ടി സംഘടനാ ദൗര്‍ബല്യത്തിന്റെ ഏതറ്റം വരെ പോകുന്നുവെന്നതിനുള്ള ദൃശ്യ സാക്ഷ്യമാണ് അത്. കെപിസിസി ആസ്ഥാനത്ത് അരങ്ങേറിയ ആ പ്രവൃത്തിയില്‍ നിന്ന് ലതികാ സുഭാഷി നെ പിന്തിരിപ്പിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും സാധിച്ചില്ല എന്നത് ആ പാര്‍ട്ടിയുടെ നേതൃത്വം എന്തുമാത്രം ദുര്‍ബലമാണ് എന്നാണ് വെളിപ്പെടുത്തുന്നത്.
ഇങ്ങനെയൊരു പാര്‍ട്ടി നയിക്കുന്ന മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നയിക്കുന്ന ഒരു മുന്നണിയെ തറപറ്റിക്കുക ഏറെ ആയാസകരം തന്നെയായിരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അവിടെയാണ് ഈയൊരു ദയനീയ പ്രകടനവുമായി പാര്‍ട്ടി മുന്നോട്ടു പോകുന്നത്.