ബെയ്ജിംഗ്: ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തി ചൈന. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബിബിസി ലംഘിച്ചുവെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ റേഡിയോ-ടെലിവിഷന്‍ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബിബിസി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.
അതേസമയം ബിബിസിയെ നിരോധിച്ചത് മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് രംഗത്തെത്തി. മാധ്യമ-ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്മേല്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിനു മുന്‍പിലെ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുള്ളുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.











