തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ആറുജില്ലകളില്‍ ‘ശ്രമിക് ബന്ധുഠ’ എന്ന പേരിലുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തു വരുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും മറ്റ് നിയമപരമായ അവകാശങ്ങള്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനുമാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായിട്ടുള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇതിനോടകം ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജോലിക്കെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷകളില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഭാഷാ പരിജ്ഞാനമുള്ളവരെ നിലവിലെ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പാക്കിയ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന വ്യാപകമായി ശ്രമിക് ബന്ധു പദ്ധതി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.












