ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. കെ.സി വേണുഗോപാലിനെ ക്ഷണിക്കാത്തതിലാണ് പ്രതിഷേധം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്.
അതേസമയം, ആലപ്പുഴ ബൈപ്പാസിനായി താന്‍ ഒട്ടേറെ പ്രയത്നിച്ചു എന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. കുറച്ച് ദിവസങ്ങളായി താന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ എം പിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരാണ് ബൈപ്പാസ് നിര്‍മ്മാണത്തിന് കൂടുതല്‍ ഇടപെടല്‍ നടത്തിയതെന്ന് പറയുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പ്രചരിപ്പിക്കാമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.












