ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. ദീപ് സിദ്ധു കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷക സമരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ട ദീപ് സിദ്ധു സിഖുകാരനല്ലെന്നും ബിജെപി പ്രവര്‍ത്തകനാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പ്രതികരിച്ചു. ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞത്. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണെന്നും ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും പറഞ്ഞ ഗുര്‍നം, ദീപ് സിദ്ധു പല തവണ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ടെന്നും തുറന്നടിച്ചു. ഡല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി നേരത്തെ അറിയിച്ചിരുന്നു.