സുധീര്‍നാഥ്
കാര്‍ട്ടൂണിസ്റ്റ് ജി. അരവിന്ദന്റെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരയായ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പംക്തി 1961 മുതല്‍ മാത്യഭൂമി ആഴ്ച്ചപ്പതിപ്പിന്റെ റിപ്പബ്ലിക്ക് ദിനപതിപ്പിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിലെ മുഖ്യ കഥാപാത്രമാണ് രാമു. അതായത് രാമു എന്ന കഥാപാത്രത്തിന് ഷഷ്ഠിപൂര്‍ത്തി ആയി എന്ന് ചുരുക്കം. ആദ്യ കാര്‍ട്ടൂണിന്റെ വിഷയം റിപ്പബ്ലിക്കായിരുന്നു. രാമു തൊഴില്‍ രഹിതനായിരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ നാടു നീളെ റാലി നടക്കുന്നു. ഒരു ജോലി കിട്ടുന്നത് വരെ എന്നും റിപ്പബ്ലിക്ക് ദിനമായിരുന്നെങ്കില്‍ എന്ന് സ്വയം ആശ്വസിക്കുന്ന രാമുവാണ് ആദ്യ കാര്‍ട്ടൂണില്‍ കാണുന്നത്. കാര്‍ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും അരവിന്ദന്റെ സുഹ്യത്തുക്കളോ, പരിചയക്കാരോ ആയിരുന്നു. അരവിന്ദന് പറയാനുള്ളതൊക്കെയാണ് ഗുരുജി എന്ന കഥാപാത്രമാണ് പറഞ്ഞിരുന്നത്.
കാര്‍ട്ടൂണിസ്റ്റ് ജി. അരവിന്ദന്റെ ബാല്യകാല സുഹ്യത്തായിരുന്നു ശബരീനാഥ്. ശബരിയേലും ഒന്നര വയസ് മൂത്തതാണ് അരവിന്ദന്‍. കോട്ടയത്തെ അയല്‍ക്കാരായ അവരുടെ ബാല്യകാലം ഏറെ ആനന്ദം നിറഞ്ഞതായിരുന്നു. കോട്ടയം തിരുന്നക്കര ക്ഷേത്രത്തിലെ പടികളില്‍ ഇരുന്ന് അവര്‍ പലതും ചര്‍ച്ച ചെയ്തു. ഇരുവര്‍ക്കും വരയില്‍ താത്പര്യം ഉണ്ടായത് അവരെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായി.
അരവിന്ദനും, സുഹ്യത്തുക്കളും കോട്ടയം സി.എം.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ പത്താം തരം പഠിക്കുന്നവര്‍ക്കായി ഒരു ട്യൂട്ടോറിയല്‍ തുടങ്ങി. അരവിന്ദന്‍ ബയോളജിയും, ശബരീനാഥ് ഇംഗ്ലീഷും പഠിപ്പിക്കും. ഈ സമയത്ത് സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന മഹാപ്രതിഭ കോട്ടയത്ത് ശങ്കുണ്ണിപിള്ളയുടെ പ്രസിദ്ധമായ ദേശബന്ധു എന്ന പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റ് താമസമാക്കിയ കാലം. പ്രശസ്ത ഹാസ്യസാഹിത്യകാരനും സ്വാതന്ത്ര സമര സേനാനിയുമായ എം. എന്‍. ഗോവിന്ദന്‍ നായരുടെ മകനെന്ന നിലയില്‍ അരവിന്ദനും, സുഹ്യത്തെന്ന നിലയില്‍ ശബരീനാഥും അദ്ദേഹത്തിന്റ വിശ്വാസവും സ്‌നേഹവും പിടിച്ചുപറ്റി. അങ്ങിനെ വരക്കാരായ ഇരുവരും ദേശബന്ധുവില്‍ പ്രസിദ്ധീകരിച്ച കഥകളുടെ ചിത്രീകരണം നടത്തി. അദ്ദേഹം ഇരുവരേയും കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.
ദേശബന്ധുവില്‍ കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ വരച്ചിരുന്ന കാലം കൂടിയാണ്. ചെറിയ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ ഇവര്‍ക്കും അവസരം ലഭിച്ചു. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ കേരളഭൂഷണത്തിന്റെ പത്രാധിപരായി പോയപ്പോള്‍ ഇരുവരുടേയും വരപ്പ് അവിടെയായി. ഇരുവരും കര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് അങ്ങിനെ അച്ചടി മഷി പുരണ്ടു. വളരെ ചെറു പ്രായത്തില്‍ തന്നെ ഇരുവരുടേയും ചിത്രരചനയിലേയ്ക്കുള്ള താത്പര്യം വര്‍ദ്ധിച്ചു. മറ്റ് പ്രസിദ്ധീകരണങ്ങളിലേയ്ക്കും ഇരുവരും കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിക്കാന്‍ നല്‍കി. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.
മദ്രാസില്‍ ശാന്തിനികേതനില്‍ ജി. അരവിന്ദന്‍ ചിത്രരചന പഠിക്കാന്‍ പോയി. മടങ്ങി എത്തിയ അരവിന്ദന് റബര്‍ ബോര്‍ഡില്‍ ജോലി കിട്ടി. കോതമംഗലത്തായിരുന്നു ആദ്യ നിയമനം. ശബരീനാഥ് എല്ലാ വെള്ളിയാഴ്ച്ചയും അരവിന്ദന്റെ കോതമംഗലത്തെ മുറിയില്‍ പോകും. തിങ്കളാഴ്ച്ച രാവിലെ തിരികെ വരും. ശനിയും, ഞായറും ഒരുമിച്ചിരുന്ന് കാര്‍ട്ടൂണുകള്‍ വരയ്ക്കും. ചര്‍ച്ചകള്‍ നടത്തും. തിരുന്നക്കര ക്ഷേത്ര മുറ്റത്ത് കൂടിയിരുന്നത് കോതമംഗലത്തെ മുറിയിലായി എന്ന വ്യത്യാസം മാത്രം.
ഒരിക്കല്‍ കോതമംഗലത്ത് എത്തിയപ്പോള്‍ മാത്യഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍ വി ക്യഷ്ണവാര്യര്‍ അയച്ച ഒരു കാര്‍ഡ് അരവിന്ദന്‍ ശബരീനാഥിനെ കാണിച്ചു. മാത്യഭൂമിയിലേയ്ക്ക് പ്രസിദ്ധീകരണത്തിനായി അയച്ച കാര്‍ട്ടൂണുകള്‍ക്ക് മറുപടിയായാണ് കത്ത്. കോഴിക്കോട് മാത്യഭൂമി ഓഫീസില്‍ വരണം. ഒരു കാര്‍ട്ടൂണ്‍ പംക്തി തുടങ്ങാനാണ്. അരവിന്ദന്‍ കോഴിക്കോട് പോകാന്‍ താത്പര്യം കാണിച്ചില്ല. ശബരീനാഥും കൂടെ ചെല്ലാമെന്ന് ഏറ്റപ്പോള്‍ സമ്മതം. പിറ്റേ ആഴ്ച്ച ഇരുപത് വയസുള്ള അരവിന്ദനും, പത്തൊന്‍പത് തികയാത്ത ശബരീനാഥും ആലുവായില്‍ നിന്ന് രാവിലെ ഷട്ടില്‍ തീവണ്ടിയില്‍ കോഴിക്കോടേയ്ക്ക് പുറപ്പെട്ടു.
മാത്യഭൂമിയില്‍ എത്തി പത്രാധിപര്‍ എന്‍ വി ക്യഷ്ണവാര്യരെ കണണമെന്ന് പറഞ്ഞപ്പോള്‍ റിസപ്ഷനില്‍ നിന്ന് മുകളിലേയ്ക്ക് കയറ്റി വിട്ടില്ല. ശബരീനാഥ് എന്‍ വി ക്യഷ്ണവാര്യര്‍ അയച്ച കാര്‍ഡ് എടുത്തിരുന്നു. കാര്‍ഡ് കാണിച്ചപ്പോള്‍ അനുമതി കിട്ടി. ഒറ്റയ്ക്ക് പത്രാധിപരെ കാണാന്‍ കയറിയ അരവിന്ദന്‍ പുറത്ത് വന്ന് ശബരീനാഥിനേയും അകത്തേയ്ക്ക് വിളിച്ചു കൊണ്ടു പോയി. പുതിയൊരു പംക്തി മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടങ്ങണം. ഇതായിരുന്നു പത്രാധിപരുടെ ആവശ്യം. എന്ത് വരയ്ക്കും എന്നായി ചര്‍ച്ച. എന്താ കുട്ടികളെ മിണ്ടത്തത് എന്നായി ക്യഷ്ണവാര്യര്‍. ഒരു ദിവസം സമയം വേണം എന്ന് ശബരീനാഥാണ് മറുപടി പറഞ്ഞത്. അന്ന് മാത്യഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്ന നമ്പൂതിരിയും, എ.എസ്സും. പത്രാധിപരുടെ മുറിയിലെത്തി. താമസിക്കാന്‍ അവര്‍ കോഴിക്കോട് എടുത്ത വാടക വീട്ടിലേയ്ക്ക് ക്ഷണിച്ചു. പുതിയ ഒരു സൗഹ്യദ കൂടായ്മ ആരംഭിച്ചു.
വാടക വീട്ടില്‍ വെച്ച് എല്ലാവരും ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ് സ്വന്തം അനുഭവങ്ങള്‍ ചിത്രീകരിക്കുക എന്നത്. രാമു എന്ന പ്രധാന കഥാപാത്രത്തെ അരവിന്ദന്‍ വരച്ചു. അത് സുഹ്യത്ത് ശബരീനാഥായിരുന്നു. കുരുവികൂട് പോലെ മുടി ചീകിയിരുന്ന ശബരീനാഥിനെ എത്രയോ വട്ടം മുന്‍പും അരവിന്ദന്‍ വരച്ചിട്ടുണ്ട്. ശബരീനാഥിന്റെ വീട്ടിലുള്ളവരെ കാര്‍ട്ടൂണ്‍ പംക്തിയില്‍ അതേപോലെ വരച്ചു. ആശയം പത്രാധിപര്‍ക്കും ഇഷ്ടമായി. കാര്‍ട്ടൂണിസ്റ്റ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും, എന്ന കാര്‍ട്ടൂണ്‍ പരമ്പര മാത്യഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ 1961 ജനുവരിയിലെ റിപ്പബ്ലിക്ക് ദിന പതിപ്പ് മുതല്‍ 13 വര്‍ഷം മലയാളികള്‍ വായിച്ചു.
കാര്‍ട്ടൂണ്‍ പംക്തിയിലെ യുവാക്കളുടെ പ്രതീകമായി രാമു നിറഞ്ഞ് നിന്നിരുന്നു. രാമുവിനെ കൂടാതെ ഗുരുജിയും മറ്റ് അനേകം കഥാപാത്രങ്ങളും ഈ കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഉണ്ട്. അരവിന്ദന്റെ പരിചിത വ്യക്തികളാണ് എല്ലാ കഥാപാത്രങ്ങളും.
റബര്‍ ബോര്‍ഡില്‍ ജോലിയുമായി കോതമംഗലത്ത് അരവിന്ദന്‍ കഴിയുന്ന സമയത്താണ് കാര്‍ട്ടൂണ്‍ പംക്തി വരയ്ക്കാന്‍ തുടങ്ങുന്നത്. പിന്നീട് റബര്‍ ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസിലേയ്ക്ക് മാറ്റം കിട്ടിയപ്പോള്‍ പാരഗണ്‍ ലോഡ്ജിലായി താമസം. കലാ സാംസ്‌ക്കാരിക കൂട്ടായ്മകള്‍ സജീവമായി. എം.ടി. വാസുദേവന്‍ നായര്‍, ബാലന്‍ കെ. നായര്‍, തിക്കോടിയന്‍, തുടങ്ങിയവരുടെ സ്ഥിരം താവളമായി അരവിന്ദന്റെ പാരഗണ്‍ ലോഡ്ജിലെ മുറി. അവിടെ മാധ്യമ പ്രവര്‍ത്തകര്‍, സിനിമാക്കാര്‍, സാഹിത്യകാരന്‍മാര്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഗമ കേന്ദ്രമായി അരവിന്ദന്റെ മുറി മാറി.
ശബരീനാഥിന് എലൂര്‍ ഫാക്റ്റില്‍ പരസ്യവിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു. ശബരീനാഥിന് ഫാക്റ്റില്‍ ജോലി ലഭിച്ചപ്പോള്‍ കഥാപാത്രമായ രാമു പെറ്റി ബൂര്‍ഷയായി…! അരവിന്ദന്‍ കാര്‍ട്ടൂണ്‍ കഥ വരച്ചു കൊണ്ടിരുന്നു. എല്ലാ ആഴ്ച്ചയിലും ഓരോ സംഭവങ്ങള്‍ വരച്ചിടും. അത് കോര്‍ത്തിണക്കാവുന്നതായിരുന്നു. തിരക്കഥ രചിക്കുവാനുള്ള അടിത്തറ ഈ കാര്‍ട്ടൂണ്‍ രചനയിലൂടെയാണ് അരവിന്ദന് ലഭിച്ചത്. കാര്‍ട്ടൂണ്‍ ഒരു കാലഘട്ടത്തിന്റെ യുവത്ത്വത്തിന്റെ ഉള്‍തുടിപ്പായിരുന്നു. അത് വന്‍ വിജയമായി.
മലയാളം എന്നു വേണ്ട ഇന്ത്യയില്‍ ഗ്രാഫിക്ക് നോവല്‍ എന്ന പ്രസ്ഥാനത്തെ കുറിച്ച് ചിന്തിക്കും മുന്‍പാണ് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര ആരംഭിച്ചത്. മലയാളത്തിലെ, മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത ഗ്രാഫിക്ക് നോവലാണ് ജി അരവിന്ദന്‍ രചിച്ച ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുപോലൊന്ന് പിന്നീട് മലയാളത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല.

അരവിന്ദന്റെ കോഴിക്കോട് മുറിയില്‍ വല്ലപ്പോഴും പെറ്റി ബൂര്‍ഷയായി ചിത്രീകരിച്ച ഫാക്റ്റിലെ പരസ്യ വിഭാഗം ജീവനക്കാരനായ ശബരീനാഥും എത്തും. അവിടെ പഴയത് പോലെ കമ്പനി കൂടും. സാഹിത്യ ചര്‍ച്ചകളും മറ്റും സജീവമാകും. പഴയ തിരുന്നക്കര ക്ഷേത്ര പടിയിലെ ചര്‍ച്ചകള്‍ തന്നെ. പക്ഷെ വിഷയങ്ങള്‍ മാറി. ചര്‍ച്ചകള്‍ ഗൗരവമായി. അത് പിന്നീട് കാര്‍ട്ടൂണിലെ വിഷയമാകും. അരവിന്ദന്റെ സുഹ്യത്തായ കാര്‍ട്ടൂണിലെ രാമു ത്യക്കാക്കരയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ചിത്രകാരന്‍ കൂടിയായ ശബരീനാഥിന്റെ പ്രായം കൂടിയപ്പോള്‍ ഇപ്പോള്‍ അരവിന്ദന്റെ കാര്‍ട്ടൂണിലെ ഗുരുജിയെ പോലായി. കാലം വരുത്തിയ മാറ്റം…!