മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി പാലാ എംഎല്‍എ മാണി സി.കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് എന്‍സിപി പിളര്‍പ്പിലേക്കെന്ന സുചനകള്‍ക്കിടെയാണ് ഇത്. രാവിലെ ഒന്‍പത് മണിക്ക് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച.
പാലായില്‍ ജോസ് കെ.മാണി തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മാണി സി.കാപ്പന്‍ മുന്നണി വിടണമെന്ന നിലപാട് ആവര്‍ത്തിക്കും. മുന്നണി മാറ്റക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കാട്ടി ടി.പി പിതാംബരന്‍ മാസ്റ്റര്‍ ശരദ് പവാറിന് കത്ത് എഴുതിയിരുന്നു. കേരളത്തിലേക്ക് വരാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ കൂടിക്കാഴ്ചകള്‍ നിര്‍ണായകമാണ്.
അതേസമയം എന്ത് സാഹചര്യമുണ്ടായാലും എല്‍ഡിഎഫ് വിടരുതെന്ന നിലപാടിലാണ് എ.കെ ശശീന്ദ്രന്‍. പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എ.കെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നുവെങ്കിലും പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി.കാപ്പന്‍. ഇതിനിടെയാണ് ശശീന്ദ്രന്‍ പക്ഷം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഇതോടെ ശശീന്ദ്രനെതിരെ മാണി സി.കാപ്പന്‍ വിഭാഗം ശരദ് പവാറിന് പരാതി നല്‍കിയിട്ടുണ്ട്.