തിരുവനന്തപുരം: നിര്‍മാണ മേഖലക്ക് കനത്തതിരിച്ചടിയായി കമ്പി, സിമന്റ്, പ്ലംബിങ് വസ്തുക്കള്‍ക്ക് വലിയ കയറ്റം. കമ്പിക്ക് വില കിലോക്ക് 70 രൂപയായി. 50ല്‍ നിന്നാണ് വില 70ല്‍ എത്തിയത്. സിമന്റിന് ചാക്കിന് 50 മുതല്‍ 70 രൂപ വരെ വില കൂടി. 420 മുതല്‍ 470 രൂപ വരെയാണ് നിലവിലെ വില. പ്ലംബിങ് സാധനങ്ങള്‍ക്ക് 35 ശതമാനം വില കൂടി.
ലോക്ഡൗണിനുശേഷം ചെറുകിട നിര്‍മാണ മേഖലയില്‍ ഉണര്‍വുണ്ടായി വരികയാണ്. വീട് നിര്‍മാണം പോലുള്ള സാധാരണക്കാരന്റെ പദ്ധതികളാണ് സജീവമായി വരുന്നത്. വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കിലും ചെറുകിട പദ്ധതികള്‍ നാട്ടിന്‍ പുറങ്ങളില്‍ വരെ സജീവമായി വരികയാണ്. ഇതിനിടെ ഉണ്ടായ അസാധാരണ വിലക്കയറ്റം കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികള്‍ക്ക് വലിയ വിലവ്യത്യാസം ഉണ്ടാവാറില്ല. 35 ശതമാനം വിലക്കൂടുതല്‍ ഉണ്ടായതോടെ നിര്‍മാണം നിലക്കുന്ന സാഹചര്യമാണ്. കമ്പി വില ആഗോളവിലയ്ക്ക് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതേസമയം, ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിയന്ത്രിച്ച് ഇവിടെ ഇരുമ്പ് ലഭ്യത സുലഭമാക്കണമെന്നാണ് നിര്‍മാണമേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ മലയാളികള്‍ നിര്‍മാണത്തൊഴിലില്‍ സജീവമായി വരുകയായിരുന്നു. വ്യാപാരമേഖലയും മറ്റും പ്രതിസന്ധി മറികടക്കാത്തതിനാല്‍ അല്‍പമെങ്കിലും പ്രതീക്ഷയുള്ളത് നിര്‍മാണമേഖലയിലാണ്. അവിടെയാണ് പുതിയ തിരിച്ചടി.