കുവൈത്ത് സിറ്റി: കുവൈത്തില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ കൊടും തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് അല്‍ കറാം പ്രവചിച്ചു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് താഴും. മരുഭൂപ്രദേശങ്ങളില്‍ ഇത് പൂജ്യം ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണുപ്പ് പ്രതിരോധ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ആസ്ത്മ, ശ്വാസകോശ രോഗികള്‍ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഈ ഘട്ടത്തില്‍ ശ്വാസകോശ രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തുപോവുമ്പോള്‍ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയില്‍ കരുതുകയും ഡോക്ടര്‍ നിര്‍ദേശിച്ച രീതിയില്‍ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്‍ഹേലര്‍ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കില്‍ ഉടന്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററിലോ ആശുപത്രിയിലോ സന്ദര്‍ശിക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും ആസ്ത്മ, ശ്വാസകോശ രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരിലും വലിയൊരു വിഭാഗം ഇത്തരക്കാരാണ്.