കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി) അരുവിക്കര പ്ലാന്റില്‍നിന്നു പുറത്തിറക്കുന്ന ‘ഹില്ലി അക്വ’ കുടിവെള്ള വിതരണം ആരംഭിച്ചു. കുടുംബശ്രീ മുഖേനയാണ് 20 ലിറ്ററിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. 20 ലിറ്ററിന്റെ ഒരു ജാറിന് 60 രൂപയാണു വില.
പ്രതിദിനം 2,720 ജാര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് അരുവിക്കരയിലെ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ളത്. കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണമായി യന്ത്ര സഹായത്താല്‍ തയാറാക്കുന്ന ഈ കുടിവെള്ളം തീര്‍ത്തും പരിശുദ്ധമാണ്. ജല അതോറിറ്റി നല്‍കുന്ന വെള്ളം സാന്‍ഡ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, മൈക്രോണ്‍ ഫില്‍ട്രേഷന്‍, അല്‍ട്രാ ഫില്‍ട്രേഷന്‍ ട്രീറ്റ്‌മെന്റ്, ഓക്‌സിജന്‍ അളവു ക്രമീകരിക്കുന്നതിന് ഓസോണൈസേഷന്‍ എന്നിവ നടത്തിയാണ് കുപ്പിവെള്ളമാക്കി വിതരണത്തിനു തയാറാക്കുന്നത്.
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ ആറു യുവതീയുവാക്കളടങ്ങുന്ന ‘സാന്ത്വനം’ എന്ന യുവശ്രീ ഗ്രൂപ്പിനെയാണ് കുടിവെള്ള വിതരണത്തിനും മാര്‍ക്കറ്റിങ്ങിനും മറ്റുമായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസുകളുടെ കീഴിലുള്ളവരാണ് ഇവര്‍. പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ യൂണിറ്റ് അംഗങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുകയും കുടിവെള്ളം ആവശ്യമുള്ളവരെ കണ്ടെത്തി വാഹനത്തില്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും. ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ 7025635870, 0471 2983848 എന്നീ നമ്പറുകളില്‍ ലഭിക്കും.