ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മുമ്പാകെ കര്‍ഷകര്‍ ഹാജരാകില്ല. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയില്ലെന്നും ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. നിയമത്തെ പിന്തുണക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി. ഒരു സമിതിക്ക് മുമ്പിലും ഹാദരാകില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും കര്‍ഷക സംഗടനകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലുണ്ടാകും.
രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കും. ജനുവരി 18 ന് വനിതകളുടെ രാജ്യ വ്യാപക പ്രതിഷേധവും റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തും. ട്രാക്ടര്‍ പരേഡ് അനുവദിക്കരുതെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്ക് രേഖാമൂലം പിന്തുണ നല്‍കിയ വ്യക്തികളെ ഉള്‍പ്പെടുത്തിയ സമിതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.