കെ.അരവിന്ദ്
ഓഹരി വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്‌ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. ഓരോ ദിവസവും പുതിയ ഉയരത്തിലേക്ക് കടക്കുന്ന വിപണിയില്‍ കാളകളുടെ മേധാവിത്തം അതിശക്തമാണ്.
ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വിപണി കുതിപ്പിന്റെ പുതിയ തലങ്ങളിലേക്ക് കടക്കാനാണ് സാധ്യത. വളരെ മികച്ച നിലയിലാണ് പോയ വാരം വിപണി വ്യാപാരം അവസാനിപ്പിച്ചത്. പോയ വാരത്തിലെ നിഫ്‌റ്റിയിലെ നേട്ടം 300 പോയിന്റിലേറെയാണ്. മെറ്റല്‍ സൂചിക 8 ശതമാനവും ഐടി സൂചിക 7 ശതമാനവുമാണ് ഈയാഴ്‌ച ഉയര്‍ന്നത്. നിഫ്‌റ്റിക്ക് 14,370 പോയിന്റില്‍ പ്രതിരോധമുണ്ടെങ്കിലും അത് അടുത്തയാഴ്‌ച മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14,890ലാണ് അടുത്ത പ്രതിരോധം. 14000ലാണ് താങ്ങുള്ളത്.
ഇന്നലെ വന്ന ടിസിഎസിന്റെ മൂന്നാം ത്രൈമാസ പ്രവര്‍ത്തന ഫലവും ആഗോള സൂചനകളും അടുത്തയാഴ്‌ചയിലെ വിപണിയുടെ ഗതിയെ സ്വാധീനിക്കും. ടിസിഎസിന്റെ മൂന്നാം ത്രൈമാസ പ്രവര്‍ത്തന ഫലം വളരെ മികച്ചതാണ്. കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ മുന്‍നിര കമ്പനികളുടെ മൂന്നാം ത്രൈമാസ പ്രവര്‍ത്തന ഫലം അടുത്തയാഴ്‌ച വരാനിരിക്കുകയാണ്.
ആത്യന്തികമായി ധനപ്രവാഹമാണ് വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം. അതിനാല്‍ ഓരോ ഇടിവിലും വാങ്ങുക എന്ന രീതിയാണ് ഈ വിപണിയില്‍ നിക്ഷേപകര്‍ പിന്തുടരേണ്ടത്.
ജനുവരി 11 മുതല്‍ നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡക്‌സില്‍ ഫ്യൂച്ചര്‍ ആന്റ് ഓപ്‌ഷന്‍സ് വ്യാപാരം ചെയ്യാം. നിലവില്‍ നിഫ്‌റ്റിയും ബാങ്ക് നിഫ്‌റ്റിയും മാത്രമാണ് ഫ്യൂച്ചര്‍ ആന്റ് ഓപ്‌ഷന്‍സ് വ്യാപാരത്തിന് ലഭ്യമായ ഇന്‍ഡക്‌സുകള്‍. ബാങ്ക്, ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, എന്‍ബിഎഫ്‌സി, മറ്റ് ധനകാര്യ സേവന കമ്പനികള്‍ എന്നിവയാണ് നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുപത് ഓഹരികളാണ് നിലവില്‍ നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.



















