ജിദ: സൗദിയില്‍ കോവിഡ് വാക്‌സീന്‍ 2 ഡോസും സ്വീകരിച്ചവര്‍ക്ക് ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നല്‍കുന്ന പദ്ധതി ആരോഗ്യമന്ത്രി ഡോ. തൗഫിഖ് അല്‍ റബീഹ് ഉദ്ഘാടനം ചെയ്തു. തവക്കല്‍നാ ആപ് വഴിയാണ് പാസ്‌പോര്‍ട്ട് ലഭ്യമാകുക. സൗദിയില്‍ ആദ്യം വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യ മന്ത്രിക്കു തന്നെ ആദ്യ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് ലഭിച്ചു.
വാക്‌സിന് സ്വീകരിച്ചവരെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നതിനും മറ്റുമായാണ് പുതിയ സേവനം. വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് സദായ ചെയര്‍മാന്‍ അബ്ദുല്ല ഷെരീഫ് പറഞ്ഞു. ഇത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ മുഴുവന്‍ ജനങ്ങളും വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.