കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി കേന്ദ്ര സര്‍ക്കാര്‍ നിയമനം. സ്വപ്നയുടെ അഭിഭാഷകനാകും മുന്‍പ് തന്നെ ഇതിനായുളള നടപടികള്‍ തുടങ്ങിയതാണെന്ന് അഡ്വ. ടി.കെ രാജേഷ് കുമാര്‍ അറിയിച്ചു.
2018-ലാണ് ഇത് സംബന്ധിച്ച അപേക്ഷ ക്ഷണിച്ചത്. 2019-ല്‍ അഭിമുഖ പരീക്ഷയടക്കം നടന്നു. താനടക്കം 14 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഇതേ പോലെ എല്ലാ സംസ്ഥാനത്തും ഒരേ സമയം നിയമനം നടന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മാത്രമാണ് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായതെന്നും കസ്റ്റംസ് സംബന്ധമായ കേസുകളില്‍ തന്റെ അനുഭവം പരിഗണിച്ചാണ് നിയമനമെന്നും അഡ്വ രാജേഷ് വ്യക്തമാക്കി.
സ്വര്‍ണക്കള്ളക്കടത്തുകേസില്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് ഒളിവില്‍പ്പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കടത്തിലെ കസ്റ്റംസ് കേസിലായിരുന്നു നടപടി. ഈ ഹര്‍ജിയില്‍ സ്വപ്ന സുരേഷിനായി രാജേഷാണ് ഹൈക്കോടതിയില്‍ ഹാജരായത്. ബംഗളൂരൂവിലേക്ക് ഒളിവില്‍ പോകുന്നതിന് മുന്‍പ് തൃപ്പൂണിത്തുറയില്‍ വീട്ടിലെത്തി അഭിഭാഷകനെ കണ്ടതായി സ്വപ്ന സുരേഷും മൊഴി നല്‍കിയരുന്നു.
സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ബംഗളൂരുവില്‍ അറസ്റ്റുണ്ടായത്. അന്ന് സ്വപ്നയ്ക്കായി ഹാജരായ അതേ അഭിഭാഷകനെയാണ് കസ്റ്റംസിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.