മുംബൈ: ഓഹരി വിപണി ഇന്ന് വീണ്ടും പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തി. സെന്‍സെക്സ് 48,000 പോയിന്റിന് മുകളിലേക്ക് ആദ്യമായി ഉയരുന്നതിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചു.
പുതുവത്സരത്തിലെ ആദ്യദിനം ആദ്യമായി 14,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 14,100 മറികടന്നു. 14,147 എന്ന പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. 114 പോയിന്റ് ഉയര്‍ന്ന് 14,132ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
രാവിലെ നിഫ്റ്റി ഓപ്പണ്‍ ചെയ്തതു തന്നെ 14,100ന് മുകളിലായാണ്. ഉയര്‍ന്ന നിലവാരത്തില്‍ ചില ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായി. എന്നാല്‍ ചാഞ്ചാട്ടത്തെ അതിജീവിച്ച് കാളകള്‍ മേധാവിത്തം വീണ്ടെടുത്തു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് കുതിപ്പിന് പിന്നില്‍.
മെറ്റല്‍, ഐടി ഓഹരികളാണ് ഇന്ന് കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 5 ശതമാനമാണ് ഉയര്‍ന്നത്. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഇന്ന് 4 ശതമാനം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായതാണ് വില ഉയരാന്‍ കാരണം. 1,56,973 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിലെ ഉപഭോക്താക്കളുടെ മൊത്തം നിക്ഷേപം. ഫെഡറല്‍ ബാങ്കിന്റെ കാസ 23 ശതമാനം വര്‍ധിച്ചു.



















