കെ.അരവിന്ദ്
കാളകള്‍ മേധാവിത്തം പുലര്‍ത്തുന്ന ഓഹരി വിപണി എത്രത്തോളം ഉയരത്തിലേക്ക് നീങ്ങുമെന്ന ചോദ്യത്തോടെയാണ് പുതിയ വര്‍ഷത്തിലേക്ക് കടന്നത്. സെന്‍സെക്സ് 2021ല്‍ 50,000 പോയിന്റ് മറികടക്കാനുള്ള സാധ്യതയാണ് വിവിധ ബ്രോക്കറേജുകളും അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റി 15,500 പോയിന്റ് മറിടക്കാനുള്ള സാധ്യതയും ചൂണ്ടികാട്ടപ്പെടുന്നു.
വാക്സിന്‍ ലഭ്യമായി തുടങ്ങിയതും സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറ്റം നടത്തുമെന്ന പ്രതീക്ഷയുമാണ് 2020ല്‍ ഓഹരി വിപണി സ്വപ്നസമാനമായ കുതിപ്പ് നടത്തിയതിന് പിന്നില്‍. അതേ സമയം കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് വാക്സിന്‍ ഫലപ്രദമായില്ലെങ്കില്‍ ഓഹരി വിപണി ശക്തമായ തിരുത്തലിന് വിധേയമാകാനുള്ള സാധ്യതയുമുണ്ട്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം വിപണിയിലെ കുതിപ്പ് ഓഹരി സൂചികകളെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ മിക്ക മാസങ്ങളിലും വില്‍പ്പന നടത്തുകയാണ് ചെയ്തത്. 2020 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റ നിക്ഷേപം നടത്തിയെങ്കിലും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഏഴ് മാസം തുടര്‍ച്ചയായി അറ്റവില്‍പ്പന നടത്തുകയാണ് ചെയ്തത്. ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന മാസങ്ങളിലെല്ലാം മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റവില്‍പ്പന നടത്തുകയായിരുന്നു.
മഹാമാരി കാലത്ത് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 21 ശതമാനം വര്‍ധിച്ചു. 3533 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇക്കാലയളവില്‍ ഇന്ത്യയിലെത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2931 കോടി ഡോളറായിരുന്നു നിക്ഷേപം. ഇത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ 14,370ലാണ് നിഫ്റ്റിക്ക് അടുത്ത പ്രതിരോധമുള്ളത്. 13,800ലും 13,600ലും താങ്ങുണ്ട്.



















