ഐ ഗോപിനാഥ്
കൊവിഡ് തകര്‍ത്ത 2020ന്റെ നഷ്ടങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ പങ്കുവെക്കലുകള്‍ തുടരുകയാണ്. പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റേയും. പോയവര്‍ഷത്തെ പ്രധാന സംഭവങ്ങളുടെ വിലയിരുത്തലുകളും നടക്കുന്നു. കൊവിഡ് കഴിഞ്ഞാല്‍ ആഗോളതലത്തിലെ ഏറ്റവും പ്രധാന സംഭവം അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരായ മുന്നേറ്റവും ഭരണമാറ്റവുമാണ്. ഇന്ത്യയിലെ പ്രധാന സംഭവങ്ങള്‍, വര്‍ഷാരംഭത്തില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും വര്‍ഷാന്ത്യത്തില്‍ നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭവുമാണ്. തീര്‍ച്ചയായും ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാഴ്ചതന്നെയാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ പ്രതീക്ഷ നല്‍കുന്ന എടുത്തുപറയത്തക്ക ഒന്നും 2020ല്‍ സംഭവിച്ചതായി തോന്നുന്നില്ല. ഈ രണ്ടു പ്രക്ഷോഭങ്ങളുടെ കാര്യമായ അലയൊലികള്‍ പോലും കേരളത്തിലുണ്ടായില്ല. അഴിമതി ആരോപണങ്ങളുടെ വേലിയേറ്റത്തിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഇടതുപക്ഷത്തിന് ആഹ്ലാദിക്കാമെന്നു മാത്രം. വാസ്തവത്തില്‍ തികച്ചും അപമാനകരമായ സംഭവങ്ങള്‍ക്കാണ് പോയവര്‍ഷം അവസാനവാരം കേരളം സാക്ഷ്യം വഹിച്ചത്. ആഹ്ലാദം നല്‍കിയ മറ്റൊരു സംഭവത്തിനും. നെയ്യാറ്റിന്‍കരയില്‍ നടന്ന ഭരണകൂട കൊലയും പാലക്കാട് നടന്ന ജാതികൊലയുമാണ് അപമാനകരമായ സംഭവങ്ങള്‍. 28 വര്‍ഷത്തിനുശേഷം സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിച്ചതാണ് ആഹ്ലാദം നല്‍കിയ സംഭവം. ഈ വിഷയങ്ങളില്‍ വലിയൊരു വിഭാഗം എടുത്ത നിലപാടുകളാകട്ടെ ജനാധിപത്യത്തിനുതന്നെ നാണക്കേടാണ് താനും. അതാണ് വാസ്തവത്തില്‍ 2020ന്റെ ബാക്കിപത്രം.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ദാരുണമരണത്തേക്കാള്‍ ദുഖകരം അക്കാര്യത്തില്‍ അവരെ കുറ്റപ്പെടുത്തുകയും അതുവഴി സംഭവത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ടെന്നതാണ്. മറ്റൊരാളുടെ സ്ഥലം കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള വിധി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണുണ്ടായത് എന്നതാണ് അവരുടെ ലളിതയുക്തി. സംഭവത്തില്‍ പ്രതിഷേധിക്കുന്നവരോട്, നിങ്ങളുടെ സ്ഥലം കയ്യേറി ആരെങ്കിലും കുടില്‍ വെച്ചാല്‍ സമ്മതിക്കുമോ എന്ന ബദല്‍ ചോദ്യവും. രാജാവിന് സ്തുതിഗീതങ്ങള്‍ പാടുന്ന പ്രജകളെയാണിവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ പ്രജകളല്ല, പൗരന്മാരാണ് ഉള്ളതെന്നും അവരുടെ പ്രധാന ഉത്തരവാദിത്തം ഭരണകൂടത്തിനെതിരെ വിരല്‍ ചൂണ്ടലാണെന്നും ഇവര്‍ മറക്കുന്നു. അവിടെനടന്നത് ഇത്തരത്തില്‍ നിഷ്‌കളങ്കമായ ഒന്നല്ല. മറിച്ച് പച്ചയായ ഭരണകൂട കൊലപാതകങ്ങളാണ്. ഭരണസംവിധാനങ്ങളുടെ, പ്രത്യേകിച്ച് പോലീസിന്റെ തെറ്റായ ഇടപെടലാണ് ഈ ദുരന്തത്തിന് കാരണമായത്. ഒരു സിവില്‍ കേസിനെ തുടര്‍ന്ന് ഇവരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ അമിതാവേശമായിരുന്നു ദുരന്തത്തിന് പെട്ടെന്നുള്ള കാരണമായത് എന്നതുവ്യക്തം. ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് എത്തുംമുമ്പേ ഒഴിപ്പിക്കാനായിരുന്നു പോലീസ് ശ്രമം. കുടിയൊഴിപ്പിക്കല്‍ പോലീസിന്റെ തൊഴിലല്ല, അതിന് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം കൊടുക്കലാണ് അവരുടെ ജോലി. എന്നാല്‍ ഇവിടെ പോലീസ് തന്നെ അതേറ്റെടുക്കുകയായിരുന്നു. പെട്ടെന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് എന്തൊക്കെയാണ് ചെയ്തതെന്ന് കേരളം കണ്ടല്ലോ.
കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. അവരെ എങ്ങനെയാണ് പോലീസ് അഭിസംബോധന ചെയ്തതെന്നും നാം കേട്ടു. ദമ്പതികള്‍ ആത്മഹത്യാഭീഷണി മുഴക്കിയപ്പോള്‍, അവരെ സമാശ്വസിപ്പിച്ച് പിന്മാറുന്നതിന് പകരം പോലീസ് ചെയ്ത പ്രവൃത്തിയായിരുന്നു തീ പടരാനും കാരണമായത്. എല്ലാം കഴിഞ്ഞ് പ്രായപൂര്‍ത്തിപോലുമാകാത്ത അവരുടെ മകന്‍ ചിതയൊരുക്കാനായി കുഴിയെടുക്കുമ്പോള്‍ പോലും പോലീസ് നടത്തിയ ആക്രോശങ്ങള്‍ കാണുമ്പോള്‍, ഇതു പോലീസോ ക്വട്ടേഷന്‍ സംഘമോ എന്നല്ലാതെ മറ്റെന്താണ് ചോദിക്കേണ്ടത്? ഇതൊക്കെ കണ്ടിട്ടും പോലീസിനെ ന്യായീകരിക്കുന്നവരെ എന്താണ് വിശേഷിപ്പിക്കുക? ഈ ഭരണകാലത്ത് ഏറ്റവും പരാജയം മുഖ്യമന്ത്രിതന്നെ കൈവശം വെച്ചിരിക്കുന്ന ആഭ്യന്തരമാണെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം.
പോലീസിന്റെ ഈ നടപടി കൊണ്ടുമാത്രമല്ല, ഇതൊരു ഭരണകൂട കൊലയാകുന്നത്. ആ കുടുംബത്തിന് ഒരു തുണ്ടു ഭൂമിയില്ല എന്നതാണ് ഈ സംഭവത്തിന്റെ അടിസ്ഥാന കാരണം. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവവുമല്ലല്ലോ. ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണത്തിന് ശേഷവും കേരളത്തില്‍ ഇത്തരത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ ലക്ഷക്കണക്കാണ്. വാസ്തവത്തില്‍ ഭൂമിയില്‍ അധ്വാനിച്ചിരുന്നവര്‍ ആയിരക്കണക്കിന് കോളനികളിലേക്ക് ഒതുക്കപ്പെട്ടതും കാര്‍ഷിക മേഖല തകര്‍ന്നതുമാണ് ഭൂപരിഷ്‌കരണത്തിന്റെ അന്തിമഫലം. കോളനികളിലേക്ക് ഒതുക്കപ്പെട്ടവരില്‍ മഹാഭാഗവും ദളിത് വിഭാഗങ്ങളാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ദളിതരും ആദിവാസികളും മാത്രമല്ല, മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ഇവരിലുണ്ട്. ഏറെകാലമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭൂമിക്കായുള്ള ഇവരുടെ സമരങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇവരുടെ ആവശ്യത്തോട് മുഖം തിരിച്ച്, ഭൂരഹിതരെ ഒരു തുണ്ട് ഭൂമി പോലും നല്‍കാതെ കൊച്ചുകൊച്ചു ലൈഫ് ഫ്ളാറ്റുകളിലേക്ക് ഒതുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇവര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന വാദം വസ്തുതാ വിരുദ്ദമാണെന്ന് ഇന്ന് ആര്‍ക്കുമറിയാം. തോട്ടം മേഖലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇന്നും നിയമവിരുദ്ധമായി വന്‍കിട കുത്തകകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. അവ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് രാജമാണിക്യമടക്കം സര്‍ക്കാര്‍ നിയമിച്ച ആറോളം കമ്മീഷനുകള്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ മനപൂര്‍വ്വം തോറ്റുകൊടുക്കുകയുമാണ്. എന്തുകൊണ്ട് ഈ പാവം കുടുംബത്തെ കുടിയൊഴിപ്പിക്കാനുള്ള ആവേശം അവരെ കുടിയൊഴിപ്പിക്കാന്‍ കാണിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണല്ലോ. ഇത്തരത്തില്‍ വിഷയത്തെ ആഴത്തില്‍ പരിശോധിച്ചാല്‍ ഇതു ഭരണകൂട കൊലയല്ലാതെ മറ്റെന്താണ്? എന്തുതന്നെ സംഭവിച്ചാലും ഭൂരഹിതരെ താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കില്ല എന്നും മാറ്റിപാര്‍പ്പിക്കുകയേ ഉള്ളൂ എന്നുമുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുക്കേണ്ടത്. ആവശ്യമെങ്കില്‍ പുതുവര്‍ഷത്തില്‍ അതിനായി നിയമനിര്‍മ്മാണം തന്നെ നടത്തണം. അല്ലെങ്കില്‍ നമ്മുടേത് എങ്ങനെയാണ് ജനാധിപത്യ സംവിധാനമാകുന്നത്?
ഇനി ജാതികൊലയിലേക്ക് വരാം… അവിടേയും മലയാളികളുടെ പൊതുവായ കാപട്യം പ്രകടമാണ്. നമുക്ക് ജാതിയില്ല എന്നഹങ്കരിക്കുന്നവരാണല്ലോ മലയാളി. ഇതു പറഞ്ഞ് മറ്റു സംസ്ഥാനങ്ങളെ അധിക്ഷേപിക്കാനും നാം മടിക്കാറില്ല. എന്നാല്‍ കേരളത്തിലും ജാതിചിന്ത ശക്തമാണെന്നും പലപ്പോഴും അത് പരോക്ഷമായ രീതിയിലും ചിലപ്പോള്‍ പ്രത്യക്ഷരൂപത്തിലും പ്രവര്‍ത്തിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വര്‍ഷാന്ത്യത്തില്‍ പാലക്കാട് നടന്ന അനീഷിന്റെ കൊലപാതകം. ഒരു വശത്ത് ജാതിയില്ല എന്ന മാസ്‌ക് ധരിക്കുകയും എന്നാല്‍ വീട്ടിലെത്തിയാല്‍ ആ മാസ്‌ക് വലിച്ചെറിയുന്നവരുമാണ് പൊതുവില്‍ നമ്മള്‍. കക്ഷിരാഷ്ട്രീയത്തിനതീതമായി നമ്മളെല്ലാം ഇടതുപക്ഷ ചിന്താഗതിക്കാരെന്ന് അവകാശപ്പെടുകയും അതനുസരിച്ച് നമുക്ക് ജാതിയില്ലെന്നു അന്ധമായി വിശ്വസിക്കുകയും എന്നാല്‍ സ്വകാര്യജീവിതമായാലും പൊതുജീവിതമായാലും എവിടേയും ജാതി പരോക്ഷമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതാണ് മലയാളിയുടെ കാപട്യത്തിന്റെ മാസ്‌ക്. പലരും ചൂണ്ടികാട്ടിയപോലെ ഇത് ദുരഭിമാന കൊല എന്ന പലരും ഉപയോഗിക്കുന്ന പദമല്ല ഇവിടെ ഉപയോഗിക്കേണ്ടത്. ജാതിയുമല്ല. ജാതികൊല തന്നെയാണ്. ഇതാകട്ടെ ആദ്യസംഭവവുമല്ലല്ലോ. കെവിനും ആതിരയുമൊക്കെ അനീഷിന്റെ മുന്‍ഗാമികളാണ്. മാത്രമല്ല, ഇത് കേവലം അവരുടെ വ്യക്തിപരമായ വിഷയവുമല്ല. ഇത്തരം വിവാഹങ്ങള്‍ നടന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ അപമാനിതരാകുമെന്നതാണല്ലോ അടിസ്ഥാനവിഷയം. അത്തരത്തില്‍ അപമാനിതരാകാത്ത ഒന്നാണ് കേരളസമൂഹമെങ്കില്‍ ഒരുപക്ഷെ ഈ സംഭവങ്ങള്‍ ഉണ്ടാകില്ലല്ലോ. അതായത് ഈ കൊലകളും വിരല്‍ ചൂണ്ടുന്നത് കേരളീയസമൂഹത്തിനു നേരെതന്നെയാണ്.
കെവിന്റേയും അനീഷിന്റേയും കൊലകളില്‍ പോലീസിന്റെ വീഴ്ചയുമുണ്ടായിട്ടുണ്ട്. എസ് സി. എസ് ടി വിഭാഗങ്ങളൊഴികെയുള്ളവരില്‍ നിന്ന് ജാതിരഹിത പുരോഗമന വിവാഹാലോചനകള്‍ ക്ഷണിക്കുന്ന, അത്തരം പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു നാട്ടില്‍ ഇതു നടക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. ജിഷയും വിനായകനും മധുവും അശാന്തനും തുടങ്ങി വേറേയും എത്രയോപേര്‍ ജാതീയപീഡനങ്ങളുടെ രക്തസാക്ഷികളുണ്ട്. ഗോവിന്ദാപുരത്തേയും പേരാമ്പ്രയിലേയും വടയമ്പാടിയിലേയും മറ്റും ജാതിമതിലുകളും മറക്കാറായിട്ടില്ലല്ലോ. എന്നാല്‍ അനീഷിന്റെ കൊലപാതകത്തില്‍ പോലും ജാതിയല്ല, സാമ്പത്തികമാണ് പ്രധാനഘടകമെന്നു വാദിക്കുന്നവര്‍ നിരവധിയാണ്. മുന്നോക്ക സംവരണത്തിന്റെ അതേ ന്യായീകരണം.
തുടക്കത്തില്‍ പറഞ്ഞപോലെ എത്രമാത്രം കപടവും ഭരണകൂടത്തിന്റെ സ്തുതിപാഠകരുമായ ജനതയാണ് മലയാളികള്‍ എന്നാണ് പോയവര്‍ഷാന്ത്യം നടന്ന ഈ സംഭവങ്ങള്‍ വീണ്ടും വീണ്ടും വിളിച്ചുപറയുന്നത്. അതിനാല്‍ തന്നെ ഇത്തരം സമീപനങ്ങള്‍ക്കെതിരായ സന്ധിയില്ലാ സമരത്തിനാണ് ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ പുതുവര്‍ഷത്തില്‍ തുടക്കമിടേണ്ടത്. കൂട്ടത്തില്‍ ആശ്വാസമെന്നു വിശേഷിക്കപ്പെടുന്ന അഭയകേസിന്റെ അവസ്ഥയും ഏറെ വ്യത്യസ്ഥമൊന്നുമല്ല. വിധിക്കൊപ്പം പുറത്തുവന്നത് കേസ് അട്ടിമറിക്കാന്‍ ദശകങ്ങളായി നടന്ന ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങളുമാണ്. നമ്മുടെ പോലീസ് സംവിധാനം മാത്രമല്ല, നീതിന്യായ സംവിധാനം പോലും അതിനായി കഠിനമായി പരിശ്രമിച്ചു. ജോമോന്‍ പുത്തന്‍ പുരക്കലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും രാജുവെന്ന പാവം മനുഷ്യനുമില്ലായിരുന്നെങ്കില്‍ അതുതന്നെ സംഭവിക്കുമായിരുന്നു. വിധി വന്നിട്ടുപോലും അതംഗീകരിക്കാന്‍ സഭാനേതൃത്വത്തിന്റെ വൈമനസ്യവും നാം കണ്ടു. അഭയയെപോലെ മഠങ്ങളില്‍ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ ഒരുപാടുണ്ട്. പീഡിപ്പിക്കപ്പെട്ടവര്‍ വേറേയും. പൗരോഹിത്യത്തിന്റെ ‘പവിത്രത”യുടെ മറവിലാണ് ഇതെല്ലാം നടക്കുന്നത്. എന്നാലിതൊന്നും പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളസമൂഹത്തെ പിടിച്ചുകുലുക്കുന്നതേയില്ല. ഈ വിധിയില്‍ നമ്മള്‍ കയ്യടിച്ചു.
ബിഷപ്പ് ഫ്രാങ്കോ സംഭവവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയപ്പോള്‍ കുറെപേര്‍ കൂടെനിന്നു. എന്നാല്‍ ആത്യന്തികമായി ഈ വിഷയത്തെ നാമിനിയും അഭിസംബോധന ചെയ്തിട്ടില്ല. മിക്കപ്പോഴും ദാരിദ്ര്യം കൊണ്ട് മാത്രം മഠങ്ങളിലെത്തി ദൈവത്തിന്റെ ‘മണവാട്ടി’കളാകുന്നവരുടെ ദുരന്തങ്ങള്‍ സിസ്റ്റര്‍ ജെസ്മിയും ലൂസി കളപ്പുരക്കലുമൊക്കെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടും അതൊന്നും നമ്മുടെ അജണ്ടയില്‍ പോലുമില്ല. ഭരണകൂടത്തേക്കാള്‍ അധികാര സ്ഥാപനമായി മാറിയ സഭക്കെതിരെ ചെറുവിരലനക്കാന്‍ നമ്മുടെ ജനാധിപത്യ സംവിധാനം അശക്തമാണ് എന്ന യാഥാര്‍ത്ഥ്യംം കൂടിയാണ് വര്‍ഷാന്ത്യത്തിലെ അഭയകേസ് വിധി വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ പുരോഗമനത്തിന്റെ മാസ്‌ക് ധരിച്ച കേരളീയ സമൂഹത്തിന്റെ യഥാര്‍ത്ഥമുഖമാണ് 2020 അവസാനദിനങ്ങലിലെ ഈ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി അനാവൃതമാക്കുന്നത്.

















