പ്രതീക്ഷയുടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. കോവിഡ് നിയന്ത്രണങ്ങള്‍ ആഘോഷരാവിന്റെ മാറ്റ് കെടുത്തിയെങ്കിലും 2021 ഓരോരുത്തര്‍ക്കും നല്ല നാളെയുടെ പ്രതീക്ഷയാണ് നല്‍കുന്നത്. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാന്റിലും പുതുവര്‍ഷം എത്തി.
കോവിഡ് കാലമായതിനാല്‍ ഇന്ത്യയില്‍ പലയിടങ്ങളിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങള്‍ രാത്രി പത്തുമണിയോടെ അവസാനിച്ചു. എങ്കിലും പലയിടങ്ങളിലും വീടുകളില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിയോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു.
ഓരോ വ്യക്തിയും തന്നിലേക്കൊതുങ്ങിയ വര്‍ഷമായിരുന്നു 2020. അടച്ചുപൂട്ടലുകളും അകലം പാലിക്കലുകളും. കഴിഞ്ഞ വര്‍ഷം കോവിഡ് തന്ന ദുരിതങ്ങള്‍ക്ക് വാക്‌സിനിലൂടെ ഈ വര്‍ഷം പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.












