തിരുവനന്തപുരം: നടന്‍ അനില്‍ നെടുമങ്ങാടിന്റെ സംസ്‌കാരം തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍ നടന്നു. ഭാരത് ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഒന്‍പതരയോടെയായിരുന്നു സംസ്‌കാരം. പ്രിയ നടന്റെ ഭൗതിക ശരീരം കാണാന്‍ രാത്രിയിലും വന്‍ ജനാവലി എത്തിയിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു.
അനില്‍ കഴിഞ്ഞ ദിവസം തൊടുപുഴ മലങ്കര ഡാമില്‍ വെച്ചാണ് മുങ്ങി മരിച്ചത്. തൊടുപുഴയില്‍ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അനില്‍. ക്രിസ്മസ് ദിനത്തില്‍ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിച്ചു. അനിലിലെ ഉടനെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു.