തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ അണിചേരാന്‍ തീരുമാനിച്ച് സിഐടിയു തൊഴിലാളികള്‍. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം നിര്‍ത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് തൊഴിലാളികള്‍ രണ്ടാം സമരമുഖം തുറക്കുന്നത്. സിഐടിയു ദേശീയ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത ഈ സമരം സംസ്ഥാനത്ത് വന്‍ വിജയമാക്കുവാന്‍ സിഐടിയു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും. ഏരിയ കേന്ദ്രത്തിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനു മുമ്പില്‍ പ്രകടനം അവസാനിപ്പിക്കും. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രചരണം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.












