ദുബായ്: ദുബായ്-ഷാര്‍ജ റൂട്ടില്‍ ഡിസംബര്‍ 27 മുതല്‍ രണ്ട് ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ പുനരാരംഭിക്കുമെന്ന് ആര്‍ടിഎ. ഇ306 ആണ് ആദ്യ ബസ് റൂട്ട്. ദുബായിലെ അല്‍ ഗുബൈബ ബസ് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് അല്‍ മംസാര്‍ വഴി ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ അവസാനിക്കും. 20 മിനിറ്റ് ഇടവേളയില്‍ ബസ്സുകളുണ്ടാവും. ആറ് ഡബിള്‍ ഡക്കര്‍ ബസ്സുകളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്.
ഇ307 ആണ് രണ്ടാമത്തെ റൂട്ട്. ഈ റൂട്ടിലും ആറ് ഡബിള്‍ ഡക്കര്‍ ബസ്സുകളുണ്ടാവും. ദുബായിലെ ദേര സിറ്റി സെന്റര്‍ ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഇത്തിഹാദ് റോഡ് വഴി ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കാണ് ഈ സര്‍വീസ്. 20 മിനിറ്റ് ഇടവേളയിലുള്ള ഈ സര്‍വീസില്‍ ദിവസം 1500 പേര്‍ക്ക് യാത്ര ചെയ്യാനാവും. ഡിസംബര്‍ 27 മുതല്‍ മറ്റ് രണ്ട് ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ റീറൂട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇ307എ, ഇ400 റൂട്ടുകള്‍ അല്‍ ഇത്തിഹാദ് റോഡിന് പകരം അല്‍ മംസാര്‍ വഴിയാണ് പോവുക.