മുംബൈ: തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 529 പോയിന്റും നിഫ്‌റ്റി 148 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 46,973ലും നിഫ്‌റ്റി 13,749ലും ക്ലോസ് ചെയ്തു.
ഇന്നലത്തെ ക്ലോസിംഗ് നിലവാരത്തിനു താഴേക്ക് ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും വിപണി പോയില്ല. 13,672ല്‍ വ്യാപാരം ആരംഭിച്ച നിഫ്‌റ്റിയുടെ താഴ്‌ന്ന നില 13,626 ആയിരുന്നു. 13,771 വരെ ഉയര്‍ന്നതിനു ശേഷമാണ് 13749ല്‍ ക്ലോസ് ചെയ്‌തത്.
ബാങ്ക്, ഫാര്‍മ ഓഹരികള്‍ ശക്തമായ പിന്തുണ വിപണിക്ക് നല്‍കി. നിഫ്‌റ്റി ബാങ്ക് ഇന്‍ഡക്‌സ് 1.93 ശതമാനവും ഫാര്‍മ ഇന്‍ഡക്‌സ്1.22 ശതമാനവും നേട്ടം രേഖപ്പെടുത്തി.
അതേ സമയം ഐടി, മീഡിയ, റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്‌സുകള്‍ നഷ്‌ടത്തിലായിരുന്നു.
ഇന്ന് നിഫ്‌റ്റിയിലെ 32 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടത്തിലായി. ടാറ്റാ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഐഒസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്‌റ്റി ഓഹരികള്‍.



















