കെ.അരവിന്ദ്
ഒരാള്‍ക്ക് എത്ര രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരുടെയും വ്യക്തിഗതമായ പ്രത്യേകതകളെ അടിസ്ഥാനമാക്കിയേ പറയാനാകൂ. സാധാരണ നിലയില്‍ ഏജന്റുമാര്‍ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ആവശ്യമായ കവറേജ് ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ഉപഭോക്താക്കള്‍ പോളിസി കവറേജ് നിശ്ചയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യ പരിരക്ഷാ ചെലവ് ഓരോ വര്‍ഷവും ഉയര്‍ന്നു വരികയാണ്. സാധാരണ പണപ്പെരുപ്പത്തേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് ആരോഗ്യ പരിരക്ഷാ രംഗത്തെ പണപ്പെരുപ്പം. അതുകൊണ്ടുതന്നെ മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം ആരോഗ്യ പരിരക്ഷാ ചെലവിനെ നിര്‍ണയിക്കുന്ന വിവിധ ഘടകങ്ങള്‍ കൂടിയുണ്ടെന്ന് ഉപഭോക്താക്കള്‍ മനസിലാക്കിയിരിക്കണം.
ആശുപത്രിയുടെ നിലവാരം, ചികിത്സാരീതി, ലഭ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ പരിരക്ഷാ ചെലവ് കണക്കാക്കപ്പെടുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ ഒരു ആശുപത്രിയില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ മറ്റൊരു ആശുപത്രിയില്‍ നാല് ലക്ഷം രൂപയ്‌ക്കും ചെയ്യാനാകും. ആശുപത്രിയുടെ നിലവാരവും ഉപയോഗിക്കു ന്ന സൗകര്യങ്ങളുമൊക്കെയാണ് ഇവിടെ ശസ്‌ത്രക്രിയയുടെ ചെലവ് നിര്‍ണയിക്കുന്നത്. ഉയര്‍ന്ന ജീവിതശൈലി പിന്തുടരുന്നവര്‍ ആഡംബര സൗകര്യങ്ങളോടെ നക്ഷത്ര ഹോട്ടലുകളിലേതിന് സമാനമായ മുറികളില്‍ താമസിച്ചായിരിക്കും ആരോഗ്യ പരിരക്ഷ തേടുന്നത്. അവര്‍ അതിന് തക്കതായ ചെലവ് വഹിക്കേണ്ടി വരും.
ഒരു കുടുംബത്തിന്റെ വരുമാനവും ജീവിത ശൈലിയുമൊക്കെ പരിഗണിച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നിശ്ചയിക്കേണ്ടത്. സാധാരണ നിലയില്‍ അഞ്ച് ലക്ഷം രൂപ കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഒരു മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബത്തിന് പര്യാപ്‌തമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചികിത്സാ ചെലവുകള്‍ കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കുന്നതിന് താല്‍പ്പര്യം കാട്ടുന്ന പ്രവണത ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴുണ്ട്. അത് മുതലെടുക്കാനായി ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ വളരെ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന പോളിസികള്‍ നിലവില്‍ വിപണിയിലുണ്ട്. ഉയര്‍ന്ന ജീവിതശൈലി പിന്തുടരുന്നവര്‍ക്കുള്ളതാണ് അത്തരം പോളിസികള്‍.
ആശുപത്രി ചെലവുകളിലെ വര്‍ധന അനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് വര്‍ധിപ്പിക്കേണ്ടതുണ്ടോയെന്ന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കേണ്ടതുണ്ട്. ശമ്പള വര്‍ധന, കുടുംബത്തിലേക്ക് പുതിയ അംഗങ്ങളുടെ വരവ്, കുടുംബത്തില്‍ മുതിര്‍ന്ന പൗരന്‍മാരുണ്ടെങ്കില്‍ അവരുടെ പ്രായം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് വേണം കവറേജ് വര്‍ധിപ്പിക്കുന്നത്.
പ്രീമിയം താങ്ങാവുന്നതായിരിക്കണമെന്നത് പോളിസി എടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായ നികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം. മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്കുളള 25,000 രൂപയുടെ പ്രീമിയത്തിനും നികുതി ഇളവ് അനുവദനീയമാണ്. ഇങ്ങനെ മൊത്തം 50,000 രൂപയുടെ നികുതി ഇളവ് നേടാം. എന്നാല്‍ പരമാവധി നികുതി ഇളവ് നേടിയെടുക്കുന്നതിനായി ഉയര്‍ന്ന പ്രീമിയം തിരഞ്ഞെടുക്കുന്നത് നിരര്‍ത്ഥകമാണ്.